ഗുരുവായൂര്‍: വൃന്ദാവനം സ്വര്‍ഗ്ഗമാക്കിയ ശ്രീകൃഷ്ണസന്നിധിയലേക്ക് വൈശാഖപുണ്യംതേടി ഭക്തജന പ്രവാഹം വര്‍ദ്ധിക്കുന്നു. സ്കൂള്‍ അവധിയും വൈശാഖമാസവും ഒരുമിച്ച് വന്നതിനാല്‍ തിരക്ക് നിയന്ത്രണാതീതമാകുകയാണ്.
മേടമാസത്തിലെ കറുത്തവാവിന്റെ പിറ്റേന്നു പ്രഥമ മുതല്‍ ഇടവമാസത്തിലെ കറുത്തവാവുവരെയുള്ള ചന്ദ്രമാസമാണ് വൈശാഖം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും തിരക്കേറുന്ന സമയമാണിത്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് അത്യുത്തമമായ വൈശാഖത്തില്‍, ദാനധര്‍മ്മാദികള്‍ക്ക് പ്രാധാന്യമേറുന്നതിനോടൊപ്പം സദ്കര്‍മ്മങ്ങള്‍ക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
വൈശാഖപുണ്യമാസത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നാല് ഭാഗവത സപ്താഹങ്ങളാണ് നടക്കുന്നത്. പൊന്നടുക്കത്ത് മണികണ്ഠന് നമ്പൂതിരി, പ്രൊ: മാധവപ്പിള്ളി കേശവന് നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, തോട്ടം ശ്യാമന് നമ്പൂതിരി എന്നിവരാണ് സപ്താഹം അവതരിപ്പിക്കുന്നത്.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും സന്ധ്യക്ക് പ്രമുഖ ആചാര്യന്മാര് പങ്കെടുക്കുന്ന ആധ്യാത്മിക പ്രഭാഷണങ്ങളും നടക്കുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും രാവിലെ 6 മുതല്‍ രാത്രി 11 വരെ വിവിധ കലാപരിപാടികളുണ്ടാകും. ഈ മാസം 25-ന് വൈശാഖ പുണ്യമാസം സമാപിക്കും. ദത്താത്രേയ ജയന്തി മെയ് 21-നും, മത്സാവതാര സുദിനം 25 നുമാണ്.
















