ഇരിങ്ങാലക്കുട: വൈവിധ്യങ്ങളുടെ ആഘോഷക്കാഴ്ചകള്‍ കൂടല്‍മാണിക്യം ഉത്സവത്തെ സമ്പന്നമാക്കുന്നു. ബസ്സ് സ്റ്റാന്റ് പരിസരത്തെ പന്തലിലേയും രാത്രിയിലെ വൈദ്യൂതാലങ്കാരങ്ങളും പച്ചയില്‍ കുളിച്ച പള്ളിവേട്ട ആല്‍മരവുമെല്ലാം ദ്യശ്യഭംഗി സമ്മാനിക്കുന്നു.
ആദ്യമായി ഠാണ മുതല്‍ ക്ഷേത്രവരെയുള്ള ദീപകാഴ്ച 2017 ഉത്സവത്തിനെത്തുന്ന ലക്ഷകണക്കിന് ഭക്തജനങ്ങളെയാണ് ആകര്‍ഷിക്കുന്നത്.
കൊട്ടിലാക്കല്‍ പറമ്പിലെ ആനകാഴ്ചകളും, പ്രദര്‍ശന നഗരിയിലെ കാഴ്ചവൈവിധ്യങ്ങളും, വിനോദ വിസ്മയങ്ങളും വേറിട്ട അനുഭവമാണ് പകര്‍ന്നുനല്‍കുന്നത്.
ഇരുപത്തിനാലു മണിക്കൂറും ക്ഷേത്രമതില്‍ക്കകത്ത് പരിപാടികളുള്ള ഏക ക്ഷേത്രമാണ് കൂടല്‍മാണിക്യം. ശീവേലിക്ക് ശേഷമുള്ള ഊട്ടുപുരയിലെ അന്നദാനത്തിന് നൂറുകണക്കിന് ആളുകളാണ് ദിവസവും പങ്കെടുക്കുന്നത്.
കൊടുംചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് സേവാഭാരതിയുള്‍പ്പെടെ സംഘടനകളുടെ സൗജന്യസംഭാരവിതരണം ആശ്വാസമേകുന്നുണ്ട്.
ഉത്സവത്തിന്റെ അഞ്ചാം നാളായ ഇന്നലെ രാവിലെ 8.30 മുതല്‍ ശീവേലി, രണ്ട് മുതല്‍ തിരുവാതിരക്കളി, സംഗീതാര്‍ച്ചന, സംഗീതകച്ചേരി, ന്യത്തന്യത്യങ്ങള്‍, മോഹിനിയാട്ടം, സംഗീതാര്‍ച്ചന, 8.30ന് കല്‍പാത്തി ബാലകൃഷ്ണന്‍ നയിച്ച തായമ്പക, 9.30ന് വിളക്കെഴുന്നള്ളിപ്പ് എന്നിവ നടന്നു. വിളക്കിന് ശേഷം കഥകളി നളചരിതം ഒന്നാം ദിവസം അരങ്ങേറി
















