തൃശൂര്‍: തിമിലയില്‍ തൃശൂര്‍ പൂരത്തിന്റെ പാറമേക്കാവ് വിഭാഗത്തിന്റെ അമരക്കാരനായ പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍ 13ന് ഷഷ്ഠിപൂര്‍ത്തിയാഘോഷിക്കുന്നു. പാറമേക്കാവ് പുഷ്പാഞ്ജലി ഹാളില്‍ നടക്കുന്ന പിറന്നാളാഘോഷം 9 മണിക്ക് അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയോടുകൂടി ആരംഭിക്കും. രാവിലെ 10.30ന് കാവില്‍ ഉണ്ണികൃഷ്ണ വാര്യരുടെ കുടുക്ക വീണക്കച്ചേരിയും തുടര്‍ന്ന് 2 മണിക്ക് തങ്കപ്പന്‍മാരാരുടെ മക്കളായ പരയ്‌ക്കാട് മഹേശ്വരന്റേയും മഹേന്ദ്രന്റേയും പഞ്ചവാദ്യം ഉണ്ടായിരിക്കും.
വാദ്യകലാ രംഗത്തെ കുലപതിയായിരുന്ന പൊറത്തുവീട്ടില്‍ നാണുമാരാരുടെയും മഠത്തില്‍ മാരാത്ത് അമ്മുമാരസ്യാരുടേയും ഇളയ പുത്രനായി 1957ല്‍ നാരായണന്‍കുട്ടി എന്ന തങ്കപ്പന്‍ മാരാരുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പം പിതാവിന്റെ കീഴില്‍ തിമിലവാദനവും പരിശീലിച്ചു. പതിനഞ്ചാം വയസ്സില്‍ അരങ്ങേറ്റം കുറിച്ചു.
പഞ്ചവാദ്യകുലപതി അന്നമനട അച്ചുതമാരാരുടെ ശിഷ്യനാണ് തങ്കപ്പമാരാര്‍. അവസാനകാലത്ത് അച്ചുതമാരാര്‍ അനുഗ്രഹിച്ച് നല്‍കിയ അദ്ദേഹത്തിന്റെ സ്വന്തം തിമില തങ്കപ്പമാരാര്‍ അടുത്തകാലം വരെ ഉപയോഗിച്ചിരുന്നു.
















