വൈക്കം: വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ക്കിടക്കുന്ന വൈക്കം റസ്റ്റ് ഹൗസ് പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരുന്നു. ഒരുകാലത്ത് പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് ആഥിത്യമേകിയ റസ്റ്റ് ഹൗസ് രണ്ട് പതിറ്റാണ്ടായി ഭാര്‍ഗ്ഗവീനിലയം പോലെ അധികൃതരുടെ അവഗണനയില്‍ കാട് കയറി കിടക്കുകയായിരുന്നു. എട്ട് വര്‍ഷം മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചിരുന്നെങ്കിലും പഴയമുറികളും കാട് പിടിച്ച പരിസരവും കാന്റീനിന്റെ പ്രവര്‍ത്തനമില്ലാതായതും സന്ദര്‍ശകരെ ഇവിടെ നിന്ന് അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
രണ്ടേക്കറോളം വരുന്ന റസ്റ്റ് ഹൗസ് വളപ്പില്‍ പണിപൂര്‍ത്തിയാകുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനതോടെ റസ്റ്റ് ഹൗസ് പഴയ പ്രതാപകാലത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്കുള്ളത്. രണ്ട് നിലകളിലായി എട്ട് സ്യൂട്ട് റൂമുകള്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പുതിയ കെട്ടിടത്തിന്റെ ചുറ്റുവട്ടമാകെ തറയോടുകള്‍ പാകി ഭംഗിവരുത്തിയിട്ടുമുണ്ട്.
പണ്ട് റസ്റ്റ് ഹൗസിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ കാന്റിനിലെ രൂചിയോറിയ ഭക്ഷണമായിരുന്നു. പുതിയ കെട്ടിടത്തിനൊപ്പം കാന്റീനിന്റെ പണികളും നടന്നു വരികയാണ്. കാന്റീനിനാവശ്യമായ അടുക്കള സാധനങ്ങളും മറ്റ് ഫര്‍ണ്ണീച്ചറും എത്തികഴിഞ്ഞു. റസ്റ്റ് ഹൗസിലുള്ള മിനി കോണ്‍ഫറന്‍സ് ഹാളും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഇപ്പോള്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് സെക്ഷന്‍ ആഫീസ് തോട്ടുവക്കത്തെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടെ കോണ്‍ഫറന്‍സ് ഹാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. കുറഞ്ഞ ചിലവില്‍ നൂറ് പേര്‍ക്ക് വരെ ഇരിക്കാവുന്ന ഹാളാണിത്.
വാഹന പാര്‍ക്കിങിന് ഏറ്റവും ബുദ്ധിമുട്ടുള്ള വൈക്കം നഗരത്തില്‍ പാര്‍ക്കിങിന് വിശാല സൗകര്യമുള്ള റസ്റ്റ് ഹൗസ് പരിസരം തുടര്‍ വികസനപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. വേമ്പനാട്് കായലോരത്ത് നില്‍ക്കുന്ന റസ്റ്റ് ഹൗസ് വൈക്കത്തിന്റെ ടൂറിസം വികസനത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണിത്.
















