പുതുക്കാട് : നിരോധിച്ച കറന്‍സി നോട്ടുകളുമായെത്തിയ സംഘത്തെ അക്രമിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. കഴിഞ്ഞ ദിവസം പാഴായിയില്‍ അക്രമം നടന്ന സംഭവത്തില്‍ നിരവധിപേര്‍ ഉള്‍പ്പെട്ടുണ്ട്. പണം കൊണ്ടുവന്നവരെയും ഇടനിലക്കാരില്‍ ഒരാളെയും ഒരു സഹായിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.മാറാനുള്ള പണവുമായി എത്തുന്ന വിവരം ചോര്‍ന്നതുതന്നെ ഇടനിലക്കാരിലൊരാളുടെ പെണ്‍സുഹൃത്ത് വഴിയാണ് ചോര്‍ന്നത്.
അക്രമിസംഘത്തിലൊരാള്‍ ഈ സ്ത്രീയുടെ ബന്ധുവാണ്.നോട്ടുകള്‍ മാറ്റാന്‍ എത്തിയ സംഘത്തെ പിന്തുടര്ന്ന് അക്രമിച്ചത് തൃശ്ശൂരിലെ ഗുണ്ടാസംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.റിസര്‍വ് ബാങ്കിന്റെ സോണല്‍ ശാഖകള്‍ വഴി പഴയ നോട്ടുകള്‍ ജൂണ്‍ 30 വരെ മാറ്റാന്‍ സാധിക്കും. ചെന്നൈ, മുംബൈ, ഡെല്‍ഹി, കല്‍ക്കട്ട, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ശാഖകളില്‍ പ്രവാസികള്‍ക്ക് രാജ്യത്തിനകത്ത് താമസിക്കുന്ന സമയത്ത് നിബന്ധനകളോടെ മാത്രമേ മാറ്റിയെടുക്കാനാവൂ.
ഒരാള്‍ക്ക് 25,000 രൂപ മാത്രമേ ഇങ്ങനെ മാറ്റിയെടുക്കാനാവൂ. ഇത് പ്രകാരം എണ്‍പത് ലക്ഷത്തോളം വരുന്ന തുക മാറ്റുവാന്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരുമായി വന്‍ശൃംഖല തന്നെയുണ്ടാകും. അതു കൊണ്ടു തന്നെ ഇതിനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നു. നോട്ടു കൊണ്ടുവന്ന സംഘത്തിലെ തിരുവനന്തപുരം സ്വദേശി ബാബു പണം മാറ്റുന്നതിന് എട്ട് ദിവസം എറണാകുളത്ത് താമസിച്ചതായി പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് ഞാറയ്ക്കല്‍ സ്വദേശി വഴിയാണ് ആറാട്ടുപുഴ സംഘവുമായി ബന്ധപ്പെടുന്നത്. പണവുമായി വന്നവരാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു. എന്നാല്‍ ഓടി രക്ഷപ്പെട്ട അക്രമിസംഘത്തിലെ ആറുപേരെ പിടികൂടാന്‍ ഇതുവരെ പോലീസിനായിട്ടില്ല.
















