തൃശൂര്‍: പോലീസ് അക്കാദമിയില്‍ എ.ആര്‍ ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ച ശേഷം ഒളിവില്‍ പോയ എസ്.ഐയെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
കേസില്‍ വിയ്യൂര്‍ എസ്.ഐ റിയാസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. രാമവര്‍മപുരം കേരള പോലീസ് അക്കാദമിയിലെ എസ്.ഐ ജോസാണ് എ ആര്‍ ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിളിനെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിച്ചത്. പരിക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ നസീറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച വൈകീട്ട് കമ്മീഷണര്‍ ഓഫീസ് പരിസരത്തെ കാന്റീനിന്റെ മുന്നിലായിരുന്നു സംഭവം. നസീര്‍ ക്യാഷ് കൗണ്ടറിലിരിക്കുമ്പോഴാണ് മഫ്തി വേഷത്തില്‍ എസ്.ഐ ബൈക്കിലെത്തിയത്. കാന്റീനില്‍നിന്നും തിരിച്ചുപോകുമ്പോള്‍ ബൈക്ക് കല്ലില്‍തട്ടി മറിഞ്ഞു. നിലത്തുവീണ എസ്.ഐയെ നസീര്‍ ഓടിയെത്തി പിടിച്ച് എഴുന്നേല്‍പ്പിച്ചു. ബൈക്കില്‍ കയറി അല്പദൂരം ഓടിച്ചുപോയ ശേഷം തിരികെയെത്തി അടിച്ചുവീഴ്‌ത്തിയെന്നാണ് പരാതി. നസീര്‍ തന്നെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് നസീറിനെ ആശുപത്രിയിലെത്തിച്ചത്.
ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചതിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചതിനും എസ്.ഐക്കെതിരെ കേസെടുക്കും.
















