പാരിസ്: നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായത് 1804ല്‍, മുപ്പത്തഞ്ചാമത്തെ വയസ്സില്‍. നെപ്പോളിയനു ശേഷം ഫ്രാന്‍സിന്റെ നേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി മുപ്പത്തൊമ്പതാമത്തെ വയസ്സിലാണ് മക്രോണ്‍ നേടുന്നത്.
ജനനം ഫ്രാന്‍സിലെ അമീന്‍സില്‍. അച്ഛന്‍ ഡോക്ടറായ ഫ്രാങ്കോയിസ് അമ്മ ന്യൂറോളജി പ്രഫസര്‍ ജീന്‍ മിഷേല്‍. ഫിലോസഫിയില്‍ ബിരുദവും പൊതുകാര്യത്തില്‍ ബിരുദാനന്തരബിരുദവും.
മൂന്നു വര്‍ഷം മുമ്പു വരെ ആര്‍ക്ക് അറിയാമായിരുന്നു മക്രോണിനെ. രണ്ടു വര്‍ഷം ഫ്രാന്‍സിന്റെ സാമ്പത്തികകാര്യ ക്യാബിനറ്റ് മന്ത്രി എന്ന മേല്‍വിലാസത്തിനപ്പുറം മക്രോണിന് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. ഇടതു പക്ഷത്തേയും ദേശീയ വലതു പക്ഷത്തെയും വെല്ലുവിളിച്ച് പ്രസിഡന്റാവാന്‍ ശ്രമിക്കും എന്നു പ്രഖ്യാപിച്ചപ്പോള്‍ അതിമോഹം എന്നു പരിഹസിച്ചവരും ഏറെ.
മുന്നോട്ട് എന്നര്‍ഥമുള്ള എന്‍ മാര്‍ച്ച് എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിനു രൂപം കൊടുത്തിട്ടു തന്നെ ഒരു വര്‍ഷത്തിലേറെക്കലമായിട്ടേയുള്ളൂ.
തൊണ്ണൂറുകളുടെ തുടക്കത്തില്‍, ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഫ്രഞ്ച് സൈദ്ധാന്തികന്‍ പോള്‍ റിക്കോറിന്റെ സഹായിയായിരുന്നു മക്രോണ്‍. 2016 ല്‍ തന്റെ റെവല്യൂഷന്‍ എന്ന കൃതിയുടെ ആമുഖത്തില്‍ മക്രോണ്‍ എഴുതി, പരാജയങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്. പലപ്പോഴും കടുത്ത പരാജയങ്ങളെ, എന്നാല്‍ തിരിച്ചു നടക്കാന്‍ ഞാന്‍ ഒരിക്കലും എന്നെ അനുവദിച്ചിട്ടില്ല.
















