വടകര: പുതുപ്പണം കാരാട്ട് പുഴ കൈയ്യേറ്റത്തെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തില്‍ തര്‍ക്കം.
റവന്യൂ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ കൈയ്യേറ്റം നടന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പുഴ പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൈയ്യേറ്റം നടന്നിട്ടില്ലെന്ന സി.കെ. നാണു എംഎല്‍എയുടെ പരാമര്‍ശം വാക്ക് തര്‍ക്കത്തില്‍ കലാശിച്ചു.
പുഴ കൈയ്യേറിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇക്കാര്യത്തില്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ബിജെപി, യുഡിഎഫ്, അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ വ്യക്തികള്‍ കൈയ്യേറ്റം നടത്തിയിട്ടില്ലെന്നും കലക്ടര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നുമുള്ള പരാമര്‍ശമാണ് തര്‍ക്കത്തിനിടയാക്കിയത്. സ്ഥലം പരിശോധിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതായും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
വൈദ്യുതി പോസ്റ്റുകള്‍ വികൃതമാക്കുന്ന രീതിയില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതും, എഴുതുന്നതും തടയാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച ഏറാമല വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പുനരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അംഗം എ.ടി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.ബാലകൃഷ്ണന്‍,ആര്‍.ഗോപാലന്‍,പുത്തൂര്‍ അസീസ്,പ്രദീപചോമ്പാല, പി.എം. അശോകന്‍, ഇ.എം. ബാലകൃഷ്ണന്‍, ടി.വി. ബാലകൃഷ്ണന്‍, പി.അച്യുതന്‍, കളത്തില്‍ ബാബു, പി.എം. അശോകന്‍, ആവോലം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.















