ന്യൂദല്‍ഹി: ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെ വിജയത്തിലേക്ക് നയിച്ച യുവതാരം ഋഷഭ് പന്തിന്റെ പ്രകടനം ഇന്ത്യ പ്രീമിയര്‍ ലീഗിലെ മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
പത്തുപതിപ്പുകളിലുമായി ഐപിഎല്ലില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ താന്‍ കണ്ട് മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണിതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സുമാനായ ഋഷഭ് പന്ത് നാല്‍പ്പത്തിമൂന്ന് പന്തുകളില്‍ 97 റണ്‍സ് നേടി. ഒമ്പതു സിക്‌സറും ആറു ഫോറു ഉള്‍പ്പെട്ട ഇന്നിംഗ്‌സ്. മറ്റൊരുവിക്കറ്റ് കീപ്പര്‍ ബാറ്റ്സുമാനും മലയാളിയുമായ സഞ്ചു വി.സാംസണ്‍ പന്തിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 63 പന്തുകളില്‍ 143 റണ്‍സ് അടിച്ചെടുത്തു. ഈ കൂട്ടുകെട്ടിന്റെ മികവില്‍ ഡല്‍ഹി ഡയര്‍ഡെബിള്‍സ് ഗുജറാത്ത് ലയണ്‍സിന്റെ 208 റണ്‍സ് മറികടന്നു. സഞ്ചു വി. സാംസണ്‍ 31 പന്തില്‍ 61 റണ്‍സ് നേടി. ഏഴു പന്തുകള്‍ അതിര്‍ത്തിക്ക് പുറത്തേയക്ക് ഉയര്‍ത്തിവിട്ട് മാക്‌സിമം റണ്‍സ് നേടി.
സഞ്ചുവും പന്തും പുറത്തായശേഷമെത്തിയ എസ്.എസ്.അയ്യരും (14) ആന്‍ഡേഴ്‌സണും (18) പുറത്താകാതെ നിന്ന് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചു. 209 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ്‌ചെയ്ത ഡല്‍ഹി 2.3 ഓവര്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് കാര്‍ത്തിക് (65) , റെയ്‌ന (77) എന്നിവരുടെ മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 208 റണ്‍സ് എടുത്തു.
















