ആലപ്പുഴ: നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പാവപ്പെട്ടവര്‍ ഇനി ഒരു തുള്ളിവെള്ളത്തിനായി പണം നല്‍കേണ്ടി വരും. നഗരത്തിലെ മുഴുവന്‍ പൊതുടാപ്പുകളും നിര്‍ത്തലാക്കാനാണ് നഗരസഭാതീരുമാനം. നാല്‍പ്പതിനായിരം കുടുംബങ്ങള്‍ക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കും. ഇതിന് 4,000 രൂപ വീതം നഗരസഭ നല്‍കും. ഗുണഭോക്താക്കള്‍ക്കല്ല, പ്‌ളംബറിന് നേരിട്ടാകും ഈ പണം നല്‍കുക.
നഗരത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം വീട്ടിലെത്തിക്കുക എന്നതാണ് നഗരസഭയുടെ ലക്ഷ്യമെന്നാണ് ചെയര്‍മാന്റെ അവകാശവാദം. എന്നാല്‍ പൊതുടാപ്പുകള്‍ പൂര്‍ണമായും ഇല്ലാതാകുന്നതോടെ ശുദ്ധജലം ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ട ദുഃസ്ഥിതിയിലേക്ക് പാവപ്പെട്ടവര്‍ എത്തിച്ചേരും. നിലവില്‍ തീരപ്രദേശങ്ങളിലും, നഗരത്തിന്റെ കിഴക്കന്‍പ്രദേശങ്ങളിലും പൊതുജനങ്ങളുടെ ആശ്രയം പൊതുടാപ്പുകളാണ്.
ഇവ നിര്‍ത്തലാക്കുന്നത് ജനജീവിതത്തെ ബാധിക്കും. ഈ മേഖലകളിലെ കൗണ്‍സിലര്‍മാര്‍ പോലും പൊതുടാപ്പുകള്‍ നിര്‍ത്തലാക്കുന്നതിനെ ന്യായീകരിക്കുകയാണ്.
















