ആംസ്റ്റര്‍ഡാം: ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം യൂറോപ്യന്‍ കീരിടമെന്ന ലക്ഷ്യത്തിലേക്ക് അയാക്‌സ് കുതിക്കുന്നു. യൂറോപ്പ ലീഗിന്റെ ആദ്യപാദ സെമിയില്‍ അവര്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഒളിമ്പിക്‌സ് ലിയോണിനെ തകര്‍ത്തു. രണ്ടാം പാദത്തില്‍ നേരിയ വ്യത്യാസത്തില്‍ തോറ്റാലും അവരുടെ ഫൈനല്‍ സ്വപ്‌നം പൂവണിയും.
രണ്ടു ഗോള്‍ അടിക്കുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത ബെര്‍ട്രാന്‍ഡ് ട്രോറിയാണ് അയാക്‌സിന്റെ വിജയശില്‍പി.
ആംസ്റ്റര്‍ഡാമിലെ അരീന സ് േറ്റഡിയത്തില്‍ തിങ്ങി നിറഞ്ഞ അമ്പതിനായിരം കാണികള്‍ക്ക് മുന്നില്‍ ലിയോണ്‍ ആദ്യത്തെ ഇരുപതു മിനിറ്റില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. ഗോള്‍ നേടാന്‍ ഒന്നാന്തരമൊരവസരവും ലഭിച്ചു. പക്ഷെ മാക്‌സ്‌വെല്‍ കോര്‍നെറ്റിന്റെ ഷോട്ട് അയാക്‌സ് ഗോളി ആന്ദ്രെ ഒനാമ അതിമനോഹരമായി കൈപ്പിടിയിലൊതുക്കി.
പിന്നീട് കളിമാറി. അയാക്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അഞ്ചുമിനിറ്റിനുളളില്‍ ട്രോറി ടീമിനെ മുന്നിലെത്തിച്ചു. ഹക്കിം സിയെച്ചിന്റെ ഫ്രീകിക്ക്് ട്രോറി വലയിലേയ്‌ക്ക് തിരിച്ചുവിട്ടു. ഏറെതാമസിയാതെ ട്രോറി ഒരുക്കിയ അവസരം മുതലാക്കി കാസ്പര്‍ ഡോള്‍ബര്‍ഗ് ഗോള്‍ നേടി .രണ്ടാം പകുതിയുടെ നാലാം മിനിറ്റില്‍ അമിന്‍ യൂനസിലൂടെ അയാക്‌സ് ലീഡുയര്‍ത്തി. സിയെച്ച് നല്‍കിയ പാസ് മുതലാക്കിയാണ് യൂനസ് ഗോള്‍ നേടിയത്.
അറുപത്തിയാറാം മിനിറ്റില്‍ മാത്യൂ വാല്‍ബ്യൂന ലിയോണിന്റെ ആശ്വാസ ഗോള്‍ നേടി. അഞ്ചു മിനിറ്റിനുളളില്‍ ട്രോറി വീണ്ടു ഗോള്‍ നേടി അയാക്‌സിന്റെ വിജയം ഉറപ്പിച്ചു.
















