ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്(കെഎസ്ഡിപി) ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നതായി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, എംഡി എസ്. ശ്യാമള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മരുന്നുകള്‍ വിതരണം നല്‍കുന്നുണ്ട്.കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍ നിലവില്‍ 30 ശതമാനം മരുന്നുകള്‍ ഇവിടെ നിന്നാണ് വാങ്ങുന്നത്. കമ്പനിയിലെ ഗുണനിലവാര പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്ന ലബോറട്ടറിക്ക് അന്താരാഷ്‌ട്ര അംഗീകാരമായ എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭ്യമായതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ നേടാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
കെമിക്കല്‍, ബയോളജിക്കല്‍ മേഖലകളില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അനുമതിയാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. മരുന്നുകള്‍ക്ക് പുറമെ, ബിവറേജസ്, കുടിവെള്ളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍ എന്നിവ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയും. ലബോറട്ടറിയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
അവയവ മാറ്റത്തിന് വിധേയരാകുന്നവര്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ട മരുന്ന് കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ കെഎസ്ഡിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
വര്‍ഷത്തില്‍ 181 കോടി ടാബ് ലറ്റുകള്‍, 5.03 കോടി ക്യാപ്‌സൂളുകള്‍, 1.08 കോടി ബോട്ടില്‍ ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ എന്നിവയാണ് ഉല്‍പാദിപ്പിക്കുക. പുതുതായി ആരംഭിക്കുന്ന ഡ്രൈ പൗഡര്‍ ഇഞ്ചക്ഷന്‍ യൂണിറ്റില്‍ പ്രതിവര്‍ഷം 70 ലക്ഷം ഇഞ്ചക്ഷന്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ട്. ഒആര്‍എസ് പൗഡര്‍ നിര്‍മ്മാണ പ്ലാന്റും പുതുതായി സ്ഥാപിക്കും.
















