പെറാക് (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയം. പൊരുതിക്കളിച്ച ജപ്പാനെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഹാട്രിക്ക് നേടിയ മന്‍ദീപ് സിങാണ് ഇന്ത്യയുടെ വിജയശില്പി. ആദ്യം ലീഡ് നേടുകയും പിന്നീട് രണ്ട് തവണ പിന്നിലാവുകയും ചെയ്തശേഷമായിരുന്നു ഇന്ത്യന്‍ വിജയം. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
കളിയുടെ ആറാം മിനിറ്റിലാണ് ആദ്യ ഗോള്‍. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഇന്ത്യയുടെ രുപീന്ദര്‍പാല്‍ സിങ് ലക്ഷ്യം കണ്ടു. എന്നാല്‍ ലീഡ് നേടിയ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. നാല് മിനിറ്റിനുശേഷം കാസുമ മുറാത്തയുടെ ഫീല്‍ഡ് ഗോളിലൂടെ ജപ്പാന്‍ സമനില പിടിച്ചു. പിന്നീട് 43-ാം മിനിറ്റില്‍ ഹെയ്ത യോഷിഹരയിലൂടെ ജപ്പാന്‍ ലീഡ് സ്വന്തമാക്കിയെങ്കിലും രണ്ട് മിനിറ്റിനുശേഷം മന്‍ദീപ് സിങിലൂടെ ഇന്ത്യ സമനില നേടി (2-2).
തൊട്ടുപിന്നാലെ ജപ്പാന്‍ വീണ്ടും മുന്നില്‍. ജെന്‍കി മിതാനിയായിരുന്നു ഇത്തവണത്തെ സ്‌കോറര്‍. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ ഇന്ത്യ 51-ാം മിനിറ്റില്‍ മന്‍ദീപ് സിങിലൂടെ വീണ്ടും സമനില നേടി. ഒടുവില്‍ 58-ാം മിനിറ്റില്‍ മന്‍ദീപ് ഇന്ത്യയുടെ വിജയഗോളും തന്റെ ഹാട്രിക്കും സ്വന്തമാക്കി.
















