പോത്തന്‍കോട്: അരിയോട്ടുകോണം പാറമടയിലെ ഉപയോഗയോഗ്യമല്ലാത്ത ജലം കുടിവെള്ളമായി നല്‍കുന്നെന്ന പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിശോധന കൂടാതെയാണ് വെള്ളം പുറത്തുകൊണ്ടുപോകുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേത്തുടര്‍ന്ന് നോട്ടീസും നല്‍കി. ഇവിടെ നിന്നുള്ള വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഫില്‍ട്രേഷന്‍ നടത്തി കൊടുക്കുന്നതായി അറിയിച്ചതോടെ നിരവധി ടാങ്കര്‍ ലോറികളാണ് ഇവിടെ നിന്നു വെള്ളം കൊണ്ടുപോകുന്നത്. സമീപത്തെ ഹോട്ടലുകളിലും ഫഌറ്റുകളിലും ഒരു സ്വകാര്യ ആശുപത്രിയിലുമാണ് ഈ വെള്ളം കൊണ്ടുപോകുന്നത്.
ടാങ്കറുകളില്‍ കൊണ്ടുപോകുന്ന ജലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണോ കുടിവെള്ളമായിട്ടാണോ കൊണ്ടുപോകുന്നെന്ന ബോര്‍ഡും ഇല്ലായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. പാറമടയിലെ വെള്ളം സമീപത്തെ ടാങ്കില്‍ എത്തിച്ചു ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയാണ് ടാങ്കറുകളില്‍ നിറയ്‌ക്കുന്നത്. കുടിവെള്ളമായി നല്‍കുന്നതിന് പ്ലാന്റ് സ്ഥാപിച്ച് പാറമടയിലെ വെള്ളം പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഗുണനിലവാര പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമായതിനുശേഷമേ കുടിവെള്ളമായി നല്‍കാന്‍ കഴിയൂ. ആരോഗ്യവകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും പാറമടയിലെ വെള്ളം ടാങ്കറുകളില്‍ ഇപ്പോഴും പുറത്തേക്കുകൊണ്ടുപോകുന്നതായി നാട്ടുകാര്‍ പറഞ്ഞു.
















