പോത്തന്‍കോട്: പ്രധാനമന്ത്രിയുടെ കൗശല്‍വികാസ് യോജന പദ്ധതിയുടെ ഭാഗമായുള്ള തൊഴില്‍പരിശീലനകേന്ദ്രം പോത്തന്‍കോട്ട് എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. ഇ ടെക് എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് എന്ന സ്ഥാപനമാണ് 15,500 ചതുരശ്രയടി സ്ഥലത്ത് ജില്ലയ്‌ക്കകത്തും പുറത്തുമുള്ള യുവതീയുവാക്കള്‍ക്കായി ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വേ ലൈന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിക്കാണ് പരിശീലനത്തിന്റെ ചുമതല. സി.ദിവാകരന്‍ എംഎല്‍എ., പാലോട് രവി, വി.വി.രാജേഷ്, ഇ ടെക് മാനേജിങ് ഡയറക്ടര്‍ എ.ആര്‍.നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, സി.സി.ടി.വി. ടെക്‌നീഷ്യന്‍, ഫ്രന്‍ഡ് ഓഫീസ് അസോസിയേറ്റ്, ഡോക്യുമെന്റേഷന്‍ അസിസ്റ്റന്റ്, ടെയ്‌ലര്‍, ഫീല്‍ഡ് ടെക്‌നീഷ്യന്‍, കംപ്യൂട്ടിങ് ആന്‍ഡ് പെരിഫെറല്‍സ് തുടങ്ങി 7 കോഴ്‌സുകളാണ് പോത്തന്‍കോട്ടുള്ള സ്ഥാപനത്തില്‍ ആരംഭിക്കുന്നത്. താത്പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇ.ടെക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0471 2410415, 9207192813. അപേക്ഷകര്‍ മെയ് 15ന് മുന്‍പ് ഓഫീസുമായി ബന്ധപ്പെടണം.















