തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരായ കേസിന്റെ ത്വരിതപരിശോധന റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഇന്നലെ ഹാജരാക്കാമെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തമിഴ്‌നാട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുറച്ച് രേഖകള്‍ ലഭിക്കാനുണ്ടെന്നും ഇത് കാരണം മൂന്ന് മാസത്തെ സമയം വേണമെന്നും വിജിലന്‍സ് കോടതിയെ ധരിപ്പിച്ചു. ഇതാണ് കോടതിയെ പ്രകോപിച്ചത്.
വിജിലന്‍സിന്റെ കളിസ്ഥലമല്ല കോടതിയെന്നും എത്ര സമയം വേണം എന്ന് വ്യക്തമായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനുത്തരം നല്‍കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് ജഡ്ജ് എ. ബദറുദ്ദീന്‍ ഈ മാസം ഒമ്പതിനകം ത്വരിതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അന്ത്യശാസനം നല്‍കിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കെ.എം. എബ്രഹാം നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിച്ചുവെന്നും റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെയുള്ള നിയമനം നഗ്‌നമായ സ്വജനപക്ഷപാതമാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം. കെ.എം.എബ്രഹാമിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസന്‍, സെലക്ഷന്‍ കമ്മറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബംഗളൂരിലെ പ്രൊഫസര്‍ ഡോ.ഇ.ജെ. ജെമീസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൊഫസര്‍ ഡോ.പി.ബി. സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ എന്നിവരാണ് മറ്റ് എതിര്‍ക്ഷികള്‍. 2016 മാര്‍ച്ച് 5 നായിരുന്നു നിയമനം നടന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നശേഷം സുരേഷ് കുമാറിന്റെ നിയമന ഉത്തരവ് മന്ത്രിസഭയുടെ അനുമതി ഇല്ലാതെ അംഗീകരിക്കുകയായിരുന്നു.
















