പൂനെ: ഗുജറാത്ത് ലയണ്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പൂനെ സൂപ്പര്‍ ജയന്റിന് മിന്നുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് 19.5 ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ഒരു പന്തും 5 വിക്കറ്റും ബാക്കിനിര്‍ത്തി 167 റണ്‍സെടുത്ത് വിജയം നേടി.
തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ബെന്‍ സ്‌റ്റോക്‌സാണ് പൂനെയുടെ വിജയശില്പി. 63 പന്തുകളില്‍ നിന്ന് 7 ഫോറും ആറ് സിക്‌സറുമടക്കം 103 റണ്‍സാണ് സ്‌റ്റോക്‌സ് അടിച്ചുകൂട്ടിയത്. 10 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടശേഷം സ്‌റ്റോക്‌സ് 26 റണ്‍സെടുത്ത ധോണിയെും 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡാനിയേല്‍ ക്രിസ്റ്റിയനെയും കൂട്ടുപിടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രഹാനെ (4), ത്രിപാഠി (6), സ്മിത്ത് (4), മനോജ് തിവാരി (0) എന്നിങ്ങനെയാണ് പൂനെ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍. സ്‌റ്റോക്‌സാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ പൂെന നായകന്‍ സ്മിത്ത് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇഷന്‍ കിഷനും (31)ഉം ബ്രണ്ടന്‍ മക്കല്ലവും (45) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 55 റണ്‍സ് അടിച്ചുകൂട്ടി. ഇഷന്‍ കിഷന്‍ പുറത്തായതോടെ ലയണ്‍സിന്റെ തകര്‍ച്ചയും തുടങ്ങി. സുരേഷ് റെയ്‌ന (8), ആരോണ്‍ ഫിഞ്ച് (13), ഡ്വെയ്ന്‍ സ്മിത്ത് (0) എന്നിവര്‍ എന്നിവര്‍ പെട്ടെന്ന് പുറത്തായതോടെ 1ന് 70 എന്ന നിലയില്‍ നിന്ന് നാലിന് 94 എന്ന നിലയിലായി. പിന്നീട് ദിനേശ് കാര്‍ത്തിക് (29), രവീന്ദ്ര ജഡേജ (19) എന്നിവര്‍ മാത്രമാണ് തരക്കേടില്ലാതെ ബാറ്റ് ചെയ്തത്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ ജയദേവ് ഉനദ്കതും ഇമ്രാന്‍ താഹിറും പൂനെക്ക് വേണ്ടി മികച്ച ബൗളിങ് നടത്തി.
















