ന്യൂദല്‍ഹി: ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വരുമാന വിഹിതമായി വാഗ്ദാനം ചെയ്ത 40 കോടി ഡോളര്‍ ഇന്ത്യ അര്‍ഹിക്കുന്നതിനേക്കാള്‍ കുറഞ്ഞതുകയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി പറഞ്ഞു.
ആഗോള ക്രിക്കറ്റ് വരുമാനത്തില്‍ ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്. എന്നാല്‍ വളരെ ചെറിയ തുകയാണ് വിഹിതമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനാല്‍ ഒത്തുതീര്‍പ്പിന് ഞങ്ങളില്ലെന്ന് ചൗധരി വ്യക്തമാക്കി.
ലോകത്തെ ക്രക്കറ്റ് വരുമാനത്തിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇതിന് അനുപാതികമായ തുകയെങ്കിലും ലഭിക്കണം. 29.3 കോടി ഡോളറാണ് ഐസിസി നല്‍കാമെന്ന് പറയുന്നത്. ഇതുവരെ ഇന്ത്യയ്‌ക്ക് 57 കോടി ഡോളറാണ് വിഹിതമായി ലഭിച്ചിരുന്നത്.
വരുമാനത്തിന്റെ ഭൂരിഭാഗവും മൂന്ന് ടീമുകള്‍ക്കായി നല്‍കുന്ന സമ്പ്രദായം വ്യാഴാഴ്ച ഐസിസി വോട്ടെടുപ്പിലൂടെ റദ്ദാക്കി.
















