പെറാക് (മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം സമനിലയോടെ. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയെ 2-2ന് ബ്രിട്ടനാണ് സമനിലയില്‍ പിടിച്ചത്. രണ്ട് തവണ മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യന്‍ സമനില.
കളി തുടങ്ങി 19-ാം മിനിറ്റില്‍ ആകാശ്ദീപ് സിങിന്റെ ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദം ആറ് മിനിറ്റിനുള്ളില്‍ അവസാനിച്ചു. 25-ാം മിനിറ്റില്‍ ടോം കാഴ്‌സന്റെ ഫീല്‍ഡ് ഗോള്‍ ബ്രിട്ടന് സമനില സമ്മാനിച്ചു. പിന്നീട് 47-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഇത്തവണ ഇന്ത്യയെ മുന്നിലെത്തിച്ച് മന്‍ദീപ് സിങ്ങ് വീണ്ടും ബ്രിട്ടീഷ് വല കുലുക്കി.
എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ പൊരുതിയ ബ്രിട്ടന്‍ അഞ്ച് മിനിറ്റിനുശേഷം വീണ്ടും സമനില നേടി. അലന്‍ ഫോര്‍സിതായിരുന്നു ലക്ഷ്യം കണ്ടത്. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ വീഴാതിരുന്നതോടെ കളി സമനിലയില്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ നേടി.
















