ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി വനിതാ നേതാവ് അസിയ അന്ദ്രാബി അറസ്റ്റില്‍. ദുഖ്ത്രാന്‍ ഇ മിലത്തിന്റെ നേതാവും ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗവുമായ അസിയയെ ബുധനാഴ്ച രാത്രി ശ്രീനഗര്‍ സൗറയിലെ വീട്ടില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ സൈന്യത്തിനെതിരെ തിരിക്കുന്നത് ഈ വനിതാ നേതാവാണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കും ഫത്വകള്‍ക്കും പേരുകേട്ടയാളാണ് അസിയ. ഇവര്‍ പുറപ്പെടുവിക്കുന്ന പല ഫത്വകളും പലപ്പോഴും വിവാദമാകാറുണ്ട്. ഇവരുടെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് അടുത്തിടെ സൈന്യത്തിന്റെ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബഹാദുര്‍ അലി പറഞ്ഞിരുന്നു. നിയന്ത്രണരേഖ കടക്കുന്നതിനിടെയാണ് അലിയെ സൈന്യം പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ മുന്നിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ക്കു പ്രചോദനവും അസിയയാണ്. ഇവരുടെ വാക്കു കേട്ടാണ് കുട്ടികള്‍ സ്‌കൂള്‍ ബാഗില്‍ കല്ലുമായെത്തി സൈന്യത്തിനെ നേരിടുന്നത്.
അസിയയുടെ ഭര്‍ത്താവ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ആഷിഖ് ഹുസൈന്‍ ഫക്തൂവ്. ഇയാള്‍ ജയിലിലാണ്. 2015ലും അസിയ അറസ്റ്റിലായിരുന്നു. അന്ന് ശ്രീനഗറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പാക്കിസ്ഥാന്‍ പതാക വീശി. പാക്കിസ്ഥാനിലുള്ള ഭീകരന്‍ ഹാഫിസ് സയീദിന്റെ പ്രഭാഷണം ഫോണിലൂടെ ജനങ്ങളെ കേള്‍പ്പിച്ചു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
















