നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടം. പലിശ മുടങ്ങിയതിന്റെ പേരില്‍ കുട്ടികളടക്കം മൂന്നുപേര്‍ക്ക് ക്രൂരമര്‍ദ്ദനം.
നെയ്യാറ്റിന്‍കര മണലുവിളയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മണലുവിള പനയറത്തല വീട്ടില്‍ അനില്‍കുമാര്‍ (37) രോഗിയായ അമ്മയുടെ ചികിത്സാ ആവശ്യത്തിനായി മണലുവിള സ്വദേശി വിമല്‍കുമാറില്‍ നിന്ന് പ്രതിമാസം ആറായിരം രൂപ പലിശ നിരക്കില്‍ ഒരു ലക്ഷംരൂപ കടം വാങ്ങിയിരുന്നു. എല്ലാ മാസവും മുടങ്ങാതെ പലിശ വിമല്‍കുമാറിന് ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ കൂലിപ്പണിക്കാരനായ അനില്‍കുമാറിന് കൃത്യമായി ജോലിയില്ലാത്തതിനാല്‍ രണ്ടുമാസത്തെ പലിശ മുടങ്ങി.
പലിശ നല്‍കാത്തതിന്റെ പേരില്‍ തിങ്കളാഴ്ച രാത്രി അനില്‍കുമാര്‍ ഇല്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ചു കയറിയ വിമല്‍ കുമാറും സംഘവും അനില്‍കുമാറിന്റെ ഭാര്യ ശ്രീജ (33)യെ അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ശ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഒമ്പതുവയസ്സുള്ള മകള്‍ അനുശ്രീയെയും ക്രൂരമായി മര്‍ദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ അനില്‍കുമാറിനെ ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വിമല്‍കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും വിമല്‍കുമാറും സംഘവും ഓടി രക്ഷപ്പെട്ടു.
ക്രൂരമായി മര്‍ദ്ദനമേറ്റ അനില്‍കുമാറിനെയും ഭാര്യയെയും മകളെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പോലീസ് കേസ്സെടുത്തു. ഓപ്പറേഷന്‍ കുമ്പേരയിലെ പ്രതിയാണ് വിമല്‍കുമാര്‍.















