കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോയെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നു കെസിബിസി.
ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈയേറ്റ ഭൂമിയിലാണു സ്ഥാപിച്ചതെങ്കില്‍, അതു നീക്കം ചെയ്യാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അഭിപ്രായപ്പെട്ടു.
‘മൂന്നാറിലെ കൈയേറ്റ ഭൂമി നിയമവിധേയമായി ഒഴിപ്പിക്കുന്നത് തെറ്റല്ല. എന്നാല്‍, ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച്, ഭീതിപടര്‍ത്തി കുരിശു പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണ്. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.
മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘപരിവാര്‍ ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ സമൂഹം തിരിച്ചറിയണം,’ അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
















