തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ 26 വരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇന്നലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അഭിഭാഷകനോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ചികിത്സ വേണമെന്നും മജിസ്‌ട്രേറ്റനോട് കേഡല്‍ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍ അഭിഭാഷകനോട് കോടതിയില്‍ വച്ച് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. എന്നാല്‍ ജയിലില്‍ വച്ച് സംസാരിക്കാന്‍ അനുവദിക്കാമെന്ന് കോടതി പറഞ്ഞു.
കേഡലിന്റെ മാനസികനിലയെക്കുറിച്ച് പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി. ഈ ആവശ്യം അനുവദിക്കണമോയെന്ന് ഇന്ന് കോടതി വ്യക്തമാക്കും.
















