ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനും മറ്റു ഹിന്ദു ആരാധനാകേന്ദ്രങ്ങളുടെ സംരക്ഷണത്തിനും കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. അയോധ്യാക്കേസില്‍ ഗൂഢാലോചന കേസ് തുടരാനുള്ള സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും ക്ഷേത്ര നിര്‍മ്മാണത്തിന് ഏതറ്റം വരെ പോകുന്നതിനും ഹിന്ദു സമാജം സജ്ജമാണെന്നും വിഎച്ച്പി അന്താരാഷ്‌ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. അയോധ്യ കേസിലെ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു വിഎച്ച്പി നേതൃത്വം.
വൈദേശിക ആക്രമണകാരിയായ ബാബറിന്റെ സ്മാരകം തകര്‍ന്ന സംഭവത്തില്‍ ഗൂഢാലോചന കേസുമായി മുന്നോട്ടു പോവുകയാണെങ്കില്‍ എണ്‍പതുകളുടെ അവസാനം കശ്മീരില്‍ നിന്ന് ഹിന്ദുക്കളെ ആട്ടിപ്പായിച്ചതിന് മുസ്ലിംകള്‍ക്കെതിരെയും ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. എണ്‍പതുകളുടെ അവസാനം കശ്മീര്‍ താഴ്‌വരയില്‍ നടമാടിയ ഹിന്ദു കൂട്ടക്കൊലയും കോടികളുടെ വസ്തുക്കള്‍ പിടിച്ചെടുത്ത് ഹിന്ദുക്കളെ കശ്മീരില്‍ നിന്ന് ഓടിച്ചു വിട്ടതും ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അസമിലെയും ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും കേരളത്തിലെയും ഹിന്ദുക്കള്‍ നേരിട്ട ആക്രമണങ്ങള്‍ സര്‍ക്കാരുകള്‍ കണ്ടതായി നടിച്ചില്ല. അത്തരം ആക്രമണങ്ങള്‍ക്കെതിരെ ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്.
മുസ്ലിം ഭരണാധികാരികളും ബ്രിട്ടീഷുകാരും പോയി എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിന്ദു ആരാധനാലയങ്ങള്‍ വീണ്ടെടുത്തു നല്‍കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ തയ്യാറാകാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. വോട്ട്ബാങ്ക് രാഷ്‌ട്രീയം വഴി ഹിന്ദുക്കളെ മുറിവേല്‍പ്പിക്കുകയാണ് എല്ലാവരുമെന്നും തൊഗാഡിയ പ്രതികരിച്ചു.
















