തൊടുപുഴ: ഒരാഴ്‌ച്ചക്കിടെ നാല് മരണങ്ങള്‍ ഏല്‍പ്പിച്ച ദു:ഖത്തിലാണ് കാഞ്ഞിരമറ്റം നിവാസികള്‍. മരിച്ചവരില്‍ രണ്ട് പേര്‍ കാഞ്ഞിരമറ്റം സ്വദേശികളും രണ്ട് പേര്‍ നാഗര്‍കോവില്‍ സ്വദേശികളും. ഏപ്രില്‍ ഒമ്പതിനാണ് ആദ്യ ദുരന്തമുണ്ടായത്. കാഞ്ഞിരമറ്റത്തുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിയ രണ്ട് വിദ്യാര്‍ത്ഥികളാണ് അന്ന് ആറ്റില്‍ മുങ്ങി മരിച്ചത്. മുത്തശ്ശിയോടൊത്ത് തൊടുപുഴയാറ്റില്‍ കുളിക്കാറങ്ങിയ നാഗര്‍കോവില്‍ സ്വദേശികളായ ടെസ്റ്റസ് (15), പുളളര്‍ (13) എന്നിവര്‍ മുങ്ങി മരിക്കുകയായിരുന്നു.
ശനിയാഴ്‌ച്ച അര്‍ദ്ധരാത്രിയോടെയാണ് കാഞ്ഞിരമറ്റം മാധവം പറമ്പില്‍ ഗ്രീഷ്മ (28) ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തൊടുപുഴ വെങ്ങല്ലൂര്‍ -കോലാനി ബൈപ്പാസില്‍ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഭര്‍ത്താവും മക്കളുമൊത്ത് ബന്ധുവീട്ടില്‍ പോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാലുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്രീഷ്മയെ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ധനേഷിനും മക്കളായ ദുര്‍ഗ, ഭദ്ര എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഞായറാഴ്‌ച്ച വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഗ്രീഷ്മയുടെ മൃതദേഹം സംസ്‌കരിച്ചത് കാഞ്ഞിരമറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ട് മാതാവ് അകന്നത് ഇവിടെ എത്തിയ ഏവരുടെയും കണ്ണകളെ ഈറനണിയിച്ചു. ശനിയാഴ്‌ച്ചയാണ് കാഞ്ഞിരമറ്റം കണ്ണോളില്‍ പരേതനായ അജിത്തിന്റെ മകന്‍ ആദര്‍ശ് തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചത്. വൈകിട്ട് ആറേകാലോടെ തൊടുപുഴ റിവേര ക്ലബ്ബിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം അപ്രതീക്ഷിതമായി എത്തിയത്. നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ആദര്‍ശിനെ രക്ഷിച്ചെങ്കിലും ആശുപത്രിയില്‍ മരണമടയുകയായിരുന്നു. സിനിമ മേഖലയില്‍ ഡബ്ബിങ് ആര്‍ട്ടിസ്‌ററായിരുന്ന ആദര്‍ഷ് വിഷു ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. കെയര്‍ ഓഫ് സൈറാ ബാനു അടക്കം ചില സിനിമകളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ചു. ഇന്ന് വീട്ടുവളപ്പ
ില്‍ സംസ്‌കരിക്കും. അകാലത്തിലെ മരണങ്ങള്‍ കാഞ്ഞിരമറ്റം നിവാസികളെ അതീവ ദുഖത്തിലാഴ്‌ത്തിയിരിക്കുകയാണെന്ന് ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തുന്നു.
















