വിളപ്പില്‍: ജനവാസ കേന്ദ്രത്തില്‍ ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജനകീയസമിതി തടഞ്ഞു. കാട്ടാക്കട കട്ടക്കോട് വില്ലിടുംപാറയിലാണ് നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി കോടതി ഉത്തരവുമായി എത്തിയവരെ തടഞ്ഞത്.
മാസങ്ങളായി ഇന്റര്‍ലോക്ക് കമ്പനി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ സമരം ചെയ്യുകയാണ്. കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍ പ്രദേശത്ത് ഉണ്ടായേക്കാവുന്ന കുടിവെള്ള ഭീഷണിയും വായുമലിനീകരണവും ആരോപിച്ചാണ് നാട്ടുകാര്‍ സമരമുഖത്തെത്തിയത്. ഇടത് ഭരണത്തിന്‍ കീഴിലുള്ള കാട്ടാക്കട പഞ്ചായത്ത് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കമ്പനി ആരംഭിക്കുവാന്‍ സ്വകാര്യ വ്യക്തിക്ക് പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം സമരാനുകൂലികള്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രദേശം സന്ദര്‍ശിച്ച് സ്ഥലം അളന്നുതിരിച്ചിട്ടേ കമ്പനി നിര്‍മ്മാണം ആരംഭിക്കൂവെന്ന് പഞ്ചായത്ത് അധികൃതര്‍ അന്ന് സമരസമിതിക്ക് ഉറപ്പ് നല്‍കി. കമ്പനി ഉടമയും ഇതിനോട് യോജിച്ചു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് ഉടമ ഹൈക്കോടതിയെ സമീപിച്ചു. കമ്പനി ഭൂമി മതില്‍ കെട്ടി തിരിക്കുവാന്‍ ഉടമ കോടതിയുടെ സംരക്ഷണം വാങ്ങി. കോടതി ഉത്തരവുമായി ഇന്നലെ രാവിലെ 7 ന് പ്രദേശത്തെത്തിയ ഉടമയ്‌ക്കും സംഘത്തിനുമെതിരെ നാട്ടുകാര്‍ സംഘടിച്ചു.
സമരക്കാരെ നീക്കംചെയ്ത് മതില്‍ നിര്‍മ്മിക്കാന്‍ ഉടമ പോലീസ് സഹായം തേടി. പോലീസ് സ്ഥലത്തെത്തിയതോടെ സമരസമിതി നേതാവ് സോമന്‍ മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി. സോമന്‍ ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നത് കണ്ട് ഭാര്യ ലത ദേഹത്ത് മണ്ണെണ്ണയൊഴിച്ച് അവരും ആത്മഹത്യാ ഭീഷണി മുഴക്കി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി സോമനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഒടുവില്‍ അഡീഷണല്‍ തഹസില്‍ദാറും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് ബിജെപി നേതാക്കളും സമരസമിതി നേതാക്കളുമായി തഹസില്‍ദാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച താലൂക്ക് ആസ്ഥാനത്തുവച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. അതുവരെ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ അനുവദിക്കില്ലെന്ന് തഹസില്‍ദാര്‍ സമരക്കാരെ അറിയിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കാട്ടാക്കട ശശി, മണ്ഡലം പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി കാട്ടാക്കട ഹരി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കിള്ളി കണ്ണന്‍, ജനറല്‍ സെക്രട്ടറി രതീഷ് എന്നിവര്‍ ചേര്‍ന്ന് സോമനെ അനുനയിപ്പിച്ച് മരത്തില്‍നിന്ന് താഴെയിറക്കി. അതോടെ നാല് മണിക്കൂറിനു ശേഷം 11 മണിയോടെ സമരം അവസാനിച്ചു.
















