16
രാമപുരം: കുറിഞ്ഞി കോട്ടമലയില്‍ പാറമട ലോബിക്കെതിരെ സമരം നടത്തുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ പാറമട ലോബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ലോറികള്‍ എന്നിവയുമായി എത്തിയിരുന്നു. നാട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കള്‍, സമരസമിതി നേതാക്കള്‍ എന്നിവര്‍ സ്ഥലത്ത് എത്തി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകില്ലെന്നറിയിച്ച് നേതാക്കള്‍ തിരികെ പോയി. തുടര്‍ന്ന് പാറമട ലോബിയും പോലീസും ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥ അനുസരിച്ച് അവിടെയുണ്ടായിരുന്ന വാഹനങ്ങളും, മെഷീനുകളും പാറമട ലോബിയുടെ ആളുകള്‍ തന്നെ തകര്‍ക്കുകയും ബാറ്ററി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് പരാതി.
വിഷു, ദുഖഃവെള്ളി തുടങ്ങിയ പ്രത്യേകതകളുള്ള ദിവസമായിരുന്നിട്ടുകൂടി വെളുപ്പിന് നാലുമണിയ്‌ക്ക് പോലീസ് സമരക്കാരുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടത്തിയത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. കോട്ടമലയിലെ മിച്ചഭൂമി ഭൂരഹിതരായ 70 പേര്‍ക്ക് പതിച്ചുനല്‍കാന്‍ ലിസ്റ്റ് ചെയ്തിരുന്നത് വില്ലേജ് ഓഫീസറും, റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രേഖകളില്‍ തിരിമറി നടത്തി പാറമട ലോബിയ്‌ക്ക് ആധാരം ചെയ്തു നല്‍കിയതായും ആക്ഷേപമുണ്ട്. ഇതിനെതിരെ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് പാറമടക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്യോഗസ്ഥരെയും പോലീസിനേയും കൂട്ടുപിടിച്ച് ശ്രമം തുടങ്ങിയത്. നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ ആദ്യം മുതല്‍തന്നെ നാട്ടുകാര്‍ സമരവുമായി രംഗത്ത് വന്നിരുന്നു. നിരവധി സമരങ്ങളും, സംഘര്‍ഷങ്ങളും ഇതിന്റെ പേരില്‍ നടന്നിരുന്നു. ഇന്നലെ പതിനഞ്ചോളം സമരസമിതി നേതാക്കള്‍ക്കെതിരെ പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോട്ടമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ജനങ്ങള്‍ സമരത്തിലാണ്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കള്‍ പ്രശ്‌നത്തിലിടപെട്ടതോടെ കോട്ടമല വിഷയം സംസ്ഥാനമാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
















