കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളസ്രോതസ്സായി ഉപയോഗിക്കുന്ന വെള്ളിക്കുളം വലിയതോട്ടില്‍ അന്യ സംസ്ഥാനത്ത് നിന്നെത്തിയ താറാവ് കര്‍ഷകര്‍ വന്‍തോതില്‍ താറാവുകളെ ഇറക്കിയത് മൂലം തോട്ടിലെ വെള്ളം പൂര്‍ണ്ണമായും ചളി കലങ്ങി ഉപയോഗ രഹിതമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ആയിരക്കണക്കിന് താറാവുകളടങ്ങിയ കൂട്ടങ്ങളെയാണ് തോട്ടിലും പരിസരത്തുമായി ഇറക്കിയിരിക്കുന്നത്. വേനല്‍ക്കാലമായതിനാല്‍ തോട്ടില്‍ വളരെക്കുറച്ച് വെള്ളം മാത്രമേയുള്ളൂ. താറാവുകളിറങ്ങി വെള്ളം കലക്കിയതിനാലും മലിനമായതിനാലും തോടിനെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളത്.
ജനങ്ങള്‍ കുളിക്കാനും വസ്ത്രം കഴുകാന്‍ ആശ്രയിച്ചിരുന്നതും ഈ തോട്ടിലെ വെള്ളമാണ്. പഞ്ചായത്തോ പൊലീസോ ഇടപെട്ട് തോട്ടില്‍ താറാവുകളെ ഇറക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















