ഇരിങ്ങാലക്കുട: നാട്ടിന്‍പുറങ്ങളിലെ ജീവിത നന്മ തിരിച്ചുപിടിക്കണമെന്ന് പ്രശസ്ത സാഹിത്യകാരനും തപസ്യ കലാസഹിത്യവേദി ജില്ല പ്രസിഡണ്ടുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍ പറഞ്ഞു. വള്ളിവട്ടം സംസ്‌കൃതി സാംസ്‌കാരികവേദി സംഘടിപ്പിച്ച വിഷു ഗ്രാമോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളിലെ മനുഷ്യര്‍ക്കിടയിലും വേലികളില്ലാത്ത സ്‌നേഹചാലുകളിലൂടെ നന്മ നിറഞ്ഞൊഴുകണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിന്‍പുറം നാട്യംപുറങ്ങളായി പരിണമിക്കുമ്പോള്‍ കവി പാടിയതുപോലെ നന്മകളാല്‍ സമൃദ്ധമായ ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഗ്രാമോത്സവങ്ങള്‍ രാസത്വരകങ്ങളായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
കെ.വി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണരാജ് പൂവ്വത്തുംകടവില്‍ സ്വാഗതം പറഞ്ഞു. ബാലഗോകുലം കൊടുങ്ങല്ലൂര്‍ താലൂക്ക് അദ്ധ്യക്ഷന്‍ കെ.വി.സുനില്‍ പതാക ഉയര്‍ത്തി.
ആയുര്‍വേദപ്രദര്‍ശനി, ശാസ്ത്രപ്രദര്‍ശനി, സംസ്‌കൃത പ്രദര്‍ശനി, പുരാവസ്തു പ്രദര്‍ശനി, കറന്‍സി പ്രദര്‍ശനി, സ്റ്റാമ്പ് പ്രദര്‍ശനി, നാടന്‍കളികള്‍, കലാസാംസ്‌കാരിക പരിപാടികളായ അഷ്ടപദി, നന്തുണി, ചാക്യാര്‍കൂത്ത്, വീണാവാദനം, കോല്‍കളി, മൃദംഗം, പുല്ലാങ്കുഴല്‍, യോഗ്ചാബ്, നൃത്തശില്പം, തിരുവാതിര, യോഗ,ഫ്യൂഷന്‍സോങ്ങ്, ഗോപിക നൃത്തം തുടങ്ങീയവ അരങ്ങേറും.
















