ചെറുപുഴ: ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബോര്‍ഡുപോലും തൂക്കാതെ കണ്‍സ്യൂമര്‍ഫെഡിന്റെ ചില്ലറ മദ്യവില്‍പനശാല ചെറുപുഴയില്‍ തുറന്നു. ചെറുപുഴ ചിറ്റാരിക്കാല്‍ റൂട്ടില്‍ പുതിയപാലത്തിന് സമീപത്താണ് വിഷു ഈസ്റ്റര്‍ വിപണി ലക്ഷ്യമിട്ട് ബുധനാഴ്ച രാവിലെ ചില്ലറ വില്‍പനശാല തുറന്ന് മദ്യം വിറ്റുതുടങ്ങിയത്. ചെറുപുഴ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയിരുന്നു. ഭരണം മാറിയതോടെ ചില്ലറ മദ്യവില്‍പനശാല ചെറുപുഴയില്‍ തിരിച്ചെത്തുമെന്ന് സൂചനയുണ്ടായിരുന്നു. കോടതിവിധിയെ തുടര്‍ന്ന് ദേശീയപാതയോരത്തെ മദ്യവില്‍പന കേന്ദ്രങ്ങള്‍ കൂട്ടത്തോടെ അടച്ചുപൂട്ടിയതോടെ ചെറുപുഴക്കടുത്ത് കാക്കേഞ്ചാലില്‍ മദ്യവില്‍പനശാല തുറക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തദ്ധേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം മുന്നില്‍ കണ്ട് മുന്നറിയിപ്പുകളില്ലാതെ പുതിയപാലത്തിന് സമീപം മദ്യവില്‍പനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയതോടെ ടൗണില്‍ നിന്ന് ഇല്ലാതായ പരസ്യമദ്യപാനവും അടിപിടിയും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുംതിരിച്ചുവരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പുതിയ മദ്യവില്‍പനശാലക്ക് കണ്ടെത്തിയ പ്രദേശത്തോട് ചേര്‍ന്ന് മലയോരത്തെ പ്രശസ്തമായ സ്വാശ്രയകോളേജ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം മറച്ചുവെച്ചാണ് മദ്യവില്‍പന കേന്ദ്രത്തിന് അനുമതി നേടിയത്. ചെറുപുഴ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി കോളേജിലേക്ക് നടന്നുപോകുന്ന പെണ്‍കുട്ടികളുടെ സുരക്ഷക്കും ഇനി മദ്യപന്‍മാരുടെ സാന്നിധ്യം ഭീഷണിയാകും.
















