പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല. ബുധനാഴ്ച രാവിലെ മുതല്‍ വെള്ളം കിട്ടാതെ സ്ത്രീകളുടെ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന പത്തോളം രോഗികള്‍ വലഞ്ഞു.
വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവന്നാണ് രോഗികള്‍ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ആശുപത്രിയില്‍ വെള്ളം എത്തിച്ചിരുന്നു. എന്നാല്‍ രാവിലെ ആയപ്പോഴേക്കും വെള്ളം തീര്‍ന്ന് പോകുകയായിരുന്നു. പിന്നീട് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വെള്ളം എത്തിച്ചത്.
മൂന്ന് ദിവസമായി 25000 ലിറ്റര്‍ വെള്ളം ആശുപത്രിയിലെ ടാങ്കില്‍ നിറച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അറിയിച്ചു. ഇന്ന് മൂന്നു തവണകളായി 15000 ലിറ്റര്‍ വെള്ളം എത്തിച്ചതായും കുടിവെള്ള പ്രശ്നത്തെ രാഷ്ടീയവല്‍ക്കരിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.
















