പത്തനംതിട്ട:കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട്പഠനം നടത്തുന്നതിന് കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.സി.കെ ഉണ്ണികൃഷ്ണന്, ഡോ.ശ്രീകാന്ത്, ധര്‍മദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആറന്മുള പഞ്ചായത്തിലെ ഇടശേരിമല കുറ്റിയില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി തദ്ദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇടശേരിമല കോളനിയിലെ 11 കുടുംബങ്ങളില്‍ ഇടിമിന്നലില്‍ വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുടുംബത്തിലെ രണ്ടുപേരും തൊട്ടടുത്ത വീട്ടിലെ ഒരാളും ഇടിമിന്നലില്‍ മരണപ്പെട്ടിരുന്നു. ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് ഈ സ്ഥലങ്ങളില്‍ ഇടിമിന്നല്‍ കൂടുതലായി അനുഭവപ്പെടുന്നത്.
ഇടിമിന്നലില്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുള്ള പട്ടികയില്‍പെടുന്ന പ്രദേശമാണ് ഇതെന്നും ഇവിടെ വെള്ളാരംകല്ല് കലര്‍ന്ന ലാറ്ററൈറ്റ് മണ്ണായതിനാല്‍ മിന്നലുണ്ടാകുമ്പോഴുള്ള വൈദ്യുതി ഭൂമിയിലേക്ക് ശരിയായി കടന്നുപോകാത്തതുമൂലം ഇടിമിന്നലിന്റെ തീവ്രത കൂടാനുള്ള സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇടിമിന്നലിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സംഘം നല്കി. ഓരോ വീടിനും സുരക്ഷ ഉറപ്പാക്കുന്നതിനു വീടിനു ചുറ്റും ഇരുമ്പുകൊണ്ടുള്ള റിംഗ് കണ്ടക്ടര്‍ ഘടിപ്പിക്കുന്നതു അപകടസാധ്യത കുറയ്ക്കും. മിക്ക വീടുകളിലും വൈദ്യുതിയുമായി ബന്ധപ്പെട്ട്എര്ത്തിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ചെയ്തിരിക്കുതെന്നും എര്‍ത്തിംഗ് നടത്തുമ്പോള്‍ ഗുണനിലവാരമുള്ള എര്‍ത്തിംഗ് കോമ്പൗണ്ടുകള്‍ ഉപയോഗിക്കണമെന്നും സംഘം നിര്‍ദേശിച്ചു.
ഈ പ്രദേശത്തെ വീടുകളെ ഇടിമിന്നലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ പഞ്ചായത്തിന്റെ പദ്ധതി തയാറാക്കുമ്പോള്‍ ഉള്‍പ്പെടുത്തുമെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സുബീഷ്, ഗ്രാമ പഞ്ചായത്തംഗം കാവേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന് നായര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: