ഇരിങ്ങാലക്കുട: അവധി ദിവസങ്ങളുടെ മറവില്‍ കോള്‍നിലം കരിങ്കല്‍ ഭിത്തി കെട്ടി നികത്താനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടി കൊണ്ടോട്ടി പാടത്തെ കോള്‍നിലമാണ് സ്വകാര്യ വ്യക്തി കരിങ്കല്‍ ഭിത്തി കെട്ടി നികത്താന്‍ ശ്രമിച്ചത്.
സിപിഎം ലോക്കല്‍ സെക്രട്ടറിയും സിപിഎമ്മുകാരിയായ വാര്‍ഡുമെമ്പറും കൂടി സ്വകാര്യവ്യക്തിയുടെ വീട്ടിലെത്തി പണിയാനുള്ള അനുമതി കൊടുക്കുകയായിരുന്നു. സംഭവം പഞ്ചായത്ത് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുടര്‍ന്നാണ് ബിജെി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് സ്ഥലത്ത് കൊടികുത്തി. സംഭവത്തെ കുറിച്ച് കാട്ടൂര്‍ പോലിസിന് പരാതി നല്‍കിയതായും ബിജെപി നേതാക്കള്‍ അറിയിച്ചു.
പടിയൂരില്‍ ഇടതുനേതാക്കളുടെ ഒത്താശയോടെ നിരവധി പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിനെതിരെ ഒട്ടേറെ പരാതികളാണ് പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിന് കിട്ടുന്നത്. എന്നാല്‍ വേണ്ട നടപടികള്‍ ആരും സ്വീകരിക്കുന്നില്ലെന്ന് ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര പറഞ്ഞു.
പഞ്ചായത്ത് ഭാരവാഹികളായ ശരത്ത് കോപ്പുള്ളിപറമ്പില്‍, പ്രഭാത് വെള്ളാപ്പിള്ളി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
















