വേണ്ടത്ര കൂടിയാലോചനകളോ പരിശോധനയോ കൂടാതെ മാവോയിസ്റ്റുകളെ പിടികൂടാനെന്ന പേരില്‍ വാങ്ങിയ ഒരു കോടിയിലധികം വില വരുന്ന നാല് വിദേശനിര്‍മിത വാഹനങ്ങള്‍ ഉപയോഗിക്കനായില്ല. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്.
ഒരിക്കല്‍ പോലും ഉപയോഗിക്കാതെയാണ് വാഹനങ്ങള്‍ നശിക്കുന്നത്. 2013 ല്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ അമേരിക്കന്‍ നിര്‍മിത വാഹനമായ പൊളാരീസ് ക്രൂ 800 ഇനത്തില്‍ പെട്ട വാഹനങ്ങളാണ് വയനാട്,കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം, ജില്ലകളിലേക്ക്അനുവദിച്ചത്. മാവോവാദികളെ കാട്ടില്‍ കയറി പരിശോധിക്കാനായിരുന്നു തീരുമാനം. വയനാടിന് അനുവദിച്ച വാഹനം വെള്ളമുണ്ട പോലീസ് സ്‌റ്റേഷനിലാണ് എത്തിച്ചത്. എന്നാല്‍ വാഹനമെത്തിക്കുയും വാഹന നിര്‍മ്മാണകമ്പനിയുടെ പ്രതിനിധിയെത്തി ജില്ലയിലെ തിരഞ്ഞെടുത്ത പോലിസ് ഡ്രൈവർമാർക്ക് വാഹനമോടിക്കാന്‍ പ്രാഥമിക പരിശീലനം നല്‍കുകയും ചെയ്തതൊഴിച്ചാല്‍ പിന്നീട് ഈ വാഹനം ഷെഡ്ഡില്‍ തന്നെയായിരുന്നു.
കുന്നും മലകളും തോടുകളും വീണുകിടക്കുന്ന മരങ്ങളുമൊന്നും തടസ്സമാകാതെ ഓടിക്കാന്‍ കഴിയുമെന്ന പ്രത്യേകതായാണ് ഈ വാഹനങ്ങള്‍ക്കുള്ളത്. 45 ഡിഗ്രി വരെയുള്ള അനായാസം കയറുമെന്നതിനാല്‍ മാവോവാദികള്‍ തമ്പടിക്കുന്ന വനപ്രദേശങ്ങള്‍ ഈ വാഹനമുപയോഗിച്ച് കണ്ടെത്താന്‍ കഴിയുമെന്നും തിരച്ചിലിനായി ഗുണകരമാവുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാല്‍ അഞ്ചോ അതിലധികമോ വരുന്ന സായുധരായ മാവോസംഘത്തെ പരിചിതമല്ലാത്ത വനമേഖലയില്‍ അടച്ചുറപ്പില്ലാത്തതും തുറന്നതുമായ ഈ വാഹനത്തില്‍ പിടികൂടാന്‍ പോകുന്നത് യുക്തിയല്ല എന്ന് പിന്നീടാണ് പോലിസിന് ബോധ്യം വന്നത്. അതോടൊപ്പം പൊളാരീസ് റോഡുകളില്‍ ഓടിക്കാന്‍ കഴിയാത്തത് കാരണം വനപ്രദേശത്ത് എത്തിക്കാന്‍ ലോറിയും ഒപ്പമുണ്ടാകണമെന്നതും സ്‌റ്റേഷനില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിന് തടസ്സമായി. മാവോവാദികള്‍ സ്ഥലത്തെത്തിയതായി ഫോണ്‍ വഴി അറിയിച്ചിടത്ത് പോലും രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞ് മാത്രമെ പോലിസ് എത്തിയിട്ടുള്ളൂ.
തൊണ്ടര്‍നാട് കുഞ്ഞോത്തും നിലമ്പൂരിലും മാവോയിസ്റ്റുകളെ നേരില്‍ കണ്ടപ്പോഴുണ്ടായ പരസ്പര വെടിവെപ്പിനെതുടര്‍ന്നാണ് പോലിസ് മാവോവാദികളെത്തിയ സ്ഥലത്ത് പാഞ്ഞെത്തുന്നത് നിര്‍ത്തിയത്. കൂടുതല്‍ ആലോചനകളില്ലാതെ ഇത്തരം വാഹനം ഒരു കോടിയിലധികം രൂപാ ചിലവില്‍ വാങ്ങിയതാണ് സര്‍ക്കാരിന് തലവേദനയായത്. രുപേഷിന്റെ അറസ്റ്റ് നടന്നിട്ടും കേരളത്തില്‍ മാവോ സാന്നിധ്യം കുറഞ്ഞില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ചില മത സംഘടനകള്‍ മാവോയിസ്റ്റ്കള്‍ക്ക് പിന്തുണ നല്‍കുന്ന കാര്യവും പോലിസിനറിയാം.ഇതും പോലിസ് ഗൗരവത്തിലെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: