സംഗീതം ആസ്വാദനത്തിന് മാത്രമല്ല മറിച്ച് മനുഷ്യന്റെ മാനസികാവസ്ഥയെയും ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. സംഗീതം കൊണ്ടുള്ള ചികിത്സ ഇന്ന് ലോകത്ത് വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്നാണ് പല പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.
അടുത്തിടെ ഇംഗ്ലണ്ടിലെ ക്യൂൻസ് സർവ്വകലാശാലയും ബോർനെമൗത്ത് സർവ്വകലാശാലയും ചേർന്ന് സംഗീതം മനുഷ്യന്റെ മാനസികാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് പഠനം നടത്തുകയുണ്ടായി. ചെറുപ്പക്കാരുടെയും കുട്ടികളിലെയും മാനസിക സമ്മർദ്ദത്തെ സംഗീതം ഏതു വിധേന ലഘൂരിക്കാൻ സാധിക്കുമെന്നതാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ പഠനത്തിൽ സംഗീതം ഇരു വിഭാഗത്തിൽപ്പെട്ടവരുടെയും മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇതിനായി കുട്ടികളും മുതിർന്നവരുമായി 251 പേരെ ഉൾപ്പെടുത്തി 2011 മാർച്ച് മുതൽ 2014 മെയ് വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. 251 പേരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഇതിനായി മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന 128 പേരുടെ ഒരു ഗ്രൂപ്പും 123 പേരുടെ മറ്റൊരു ഗ്രൂപ്പും രൂപികരിക്കുകയും ചെയ്തു. 128 പേരടങ്ങുന്ന ഗ്രൂപ്പിലുള്ളവർക്ക് സാധാരണ ചികിത്സയും 123 പേരുടെ സംഘത്തിന് ‘മ്യൂസിക് തെറാപ്പി’യും നൽകുകയുണ്ടായി. മാനസികവിക്ഷോഭം, സ്വഭാവ വൈകൃതങ്ങൾ, മാനസിക വളർച്ച എന്നിവയ്‌ക്കാണ് ഇരുകൂട്ടർക്കും ഇക്കാലയളവിൽ ചികിത്സ നൽകിയത്.
ചികിത്സയ്‌ക്കു ശേഷം ലഭിച്ച ഫലം ഏറെ വ്യത്യസ്തമായിരുന്നു. മറ്റ് ചികിത്സയെ അപേക്ഷിച്ച് ‘മ്യൂസിക് തെറാപ്പി’ ചികിത്സ ലഭിച്ച എട്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക പ്രശ്നങ്ങൾക്ക് വളരെയധികം മാറ്റം വന്നതായി പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കാനും വ്യക്തിത്വ വികസനത്തിനും ‘മ്യൂസിക് തെറാപ്പി’ ഏറെ സഹായകമായിയെന്നും ഫലത്തിൽ കാണിക്കുന്നു. മ്യൂസിക് തെറാപ്പി ലഭിച്ച 13 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നന്നായി സംവദിക്കാനുള്ള കഴിവും അവർ സമൂഹവുമായി കൂടുതൽ അടുത്ത് പെരുമാറാനുള്ള തലത്തിലേക്ക് ഉയർന്നുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
മാനസിക വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും ‘മ്യൂസിക് തെറാപ്പി’ ഏറെ ഫലപ്രദമാണെന്ന് ഈ പഠനം തെളിയിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ബോർനെമൗത്ത് സർവ്വകലാശാലയിലെ സാം പോർട്ടർ അഭിപ്രായപ്പെട്ടു. മ്യൂസിക് തെറാപ്പിക്ക് വേണ്ടി ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു വലിയ പഠനം നടത്തിയതെന്ന് ബെൽഫാസ്റ്റ് സർവ്വകലാശാലയിലെ പ്രൊഫസർ വലേറി ഹോംസ് പറഞ്ഞു.
പഠനം വിജയകരമായതിനാൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന നിരവധിപ്പേർക്ക് മ്യൂസിക് പ്രധാന ചികിത്സയായി നൽകാൻ എല്ലാവരും സന്നദ്ധരാകണമെന്നാണ് മ്യൂസിക് തെറാപ്പി സെന്ററായ ‘എവിരി ഡേ ഹാർമണി’യുടെ ചീഫ് എക്സിക്യൂട്ടീവ് സിയാര റിയലി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: