സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന ഒരു ദിനമായിരിക്കും നവംബര്‍ എട്ട്. കള്ളപ്പണത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കുന്ന പുതിയ തീരുമാനം എന്‍ഡിഎ സര്‍ക്കാര്‍ കൈക്കൊണ്ടെന്നതായിരുന്നു പ്രത്യേകത. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പതിനാല് ബാങ്കുകളെ ദേശസാല്‍കൃത ബാങ്കുകളായി പ്രഖ്യാപിച്ചതാണ് ഇതിന് സമാനമായ മറ്റൊരു സംഭവം.
കേരളത്തില്‍ സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ചു കൊണ്ട് കള്ളപ്പണം വെളുപ്പിക്കുന്ന നീക്കം നടക്കുന്നതെന്ന ആരോപണം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. സംസ്ഥാനത്തെ പതിനയ്യായിരത്തോളം വരുന്ന സൊസൈറ്റികളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമാണ് അധികാരം കുത്തകയാക്കി വച്ചിരിക്കുന്നത്. ഇവിടെ പണം നിക്ഷേപിക്കുന്നതിന് യാതൊരു വിധ രേഖകളും ആവശ്യമില്ല. കള്ളപ്പണം പരിപൂര്‍ണ്ണമായും സഹകരണ ബാങ്കുകളില്‍ കുമിഞ്ഞു കൂടുന്നുവെന്ന് പറയുന്നില്ല. സംസ്ഥാനത്തേയ്‌ക്ക് നിര്‍ബാധം ഒഴുകുന്ന കള്ളപ്പണം ചെന്നെത്തുന്നത് സഹകരണ ബാങ്കുകളിലാണ്. കേരളത്തിലെ പ്രമുഖരായ പല നേതാക്കളുടേയും ബിനാമി ഇടപാട് ഇവയിലൂടെയാണ് നടക്കുന്നതെന്നത് പരസ്യമായ രഹസ്യങ്ങളാണ്.
1000 കോടി രൂപയിലധികം ഇടപാട് നടത്തുന്ന സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്. ഇവര്‍ കര്‍ഷകരടക്കമുള്ള സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവര്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്. അതേസമയം ബാങ്കുകളിലുള്ള അനധികൃത നിക്ഷേപങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുമെന്ന ഭയമാണ് നേതാക്കള്‍ക്കുള്ളത്.
ഇന്നലെ നിയമസഭയില്‍ ബിജെപി ഒഴികെയുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഇതു സംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തു. രാമജന്മഭൂമിയിലെ തര്‍ക്കമന്ദിരം തകര്‍ന്നപ്പോള്‍ അവിടെ പള്ളി പണിയണമെന്നാവശ്യപ്പെട്ട് ഇതു പോലുള്ള ഐകകണ്‌ഠ്യേനയുള്ള പ്രമേയം പാസാക്കിയത് മലയാളികള്‍ ഓര്‍ക്കുന്നുണ്ട്.
സഹകരണമേഖലയ്‌ക്ക് ബിജെപി എതിരല്ല. ഇന്ത്യയില്‍ ആയിരകണക്കിന് ബാങ്കുകള്‍ ബിജെപിയുടെ നിയന്ത്രണത്തിലുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ഇത് എല്ലാ ബാങ്കുകളിലും ഉണ്ടാകണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ഈ മേഖലയെ തകര്‍ക്കാന്‍ പാര്‍ട്ടി ഒരിക്കലും ശ്രമിക്കില്ല. അതേസമയം കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കാനുള്ള വേദിയാകാനും അനുവദിക്കില്ല. ഇരുമുന്നണികളും എന്തുകൊണ്ടാണ് ഈ കാര്യത്തില്‍ സുതാര്യ നിലപാട് കൈക്കൊള്ളാത്തതെന്നാണ് ഉയരുന്ന ചോദ്യം.
ജില്ലാ ബാങ്കുകളിലെ ജീവനക്കാരെ നിയമിക്കുവാനുള്ള അവകാശം ഭരണ സമിതികള്‍ക്കായിരുന്നു. എന്നാല്‍ അതിനുള്ള അധികാരം പ്രത്യേക ബോര്‍ഡ് രൂപീകരിച്ച് അതിലേയ്‌ക്ക് മാറ്റുവാന്‍ തീരുമാനം എടുത്തപ്പോഴും ഇത്തരത്തില്‍ ഇടത് പക്ഷത്തിന്റെ ഭാഗത്ത് നിന്ന് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയാതിപ്രസരം തടയുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെങ്കിലും, സ്വന്തക്കാരെ അല്‍പ്പസ്വല്‍പ്പം തിരുകി കയറ്റുന്നുണ്ടെങ്കിലും നിയന്ത്രണമുണ്ടെന്നത് ആശ്വാസകരമാണ്.
സഹകരണ മേഖലയെ ആര്‍ബിഐ നിയന്ത്രണത്തില്‍ കൊണ്ടു വരണമെന്ന് ബിജെപി ആവശ്യപ്പെടുന്നതും ഇതിന്റെ വെളിച്ചത്തിലാണ്. സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവും സംഭവിക്കുന്നില്ലല്ലോ. ഒരുപക്ഷെ പലരുടേയും അനധികൃത ഇടപാടുകള്‍ പുറത്ത് വരുമെന്ന ഭയമാണ് മുന്നണികളെ വലയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: