പാലക്കാട്: ജില്ലയിലെ കോണ്‍ഗ്രസില്‍ വ്യാപക പൊട്ടിത്തെറി. സീറ്റ് വിഭജനത്തിന്റെ പേരില്‍ തുടങ്ങിയ മുറുമുറുപ്പും വിഭാഗീയതയും ഡിസിസി ജനറല്‍ സെ്രകട്ടറിയുള്പ്പെടെ ജില്ലാ പ്രാദേശിക നേതാക്കളുടെ കൂട്ടരാജിയിലെത്തി. നേതൃത്വം കാട്ടുന്ന കടുത്ത അവഗണനയിലും വഞ്ചനയിലും പ്രതിഷേധിച്ച് പാലക്കാട് നഗരസഭാ മുന്‍ ചെയര്‍പേഴ്സണ്‍, ഡിസിസി ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവച്ച് സ്വതന്ത്രസ്ഥാനാര്‍ഥികളായി രംഗത്തെത്തിയതിനു പിന്നാലെ നിരവധി ജില്ലാ കമ്മറ്റിയംഗങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി, മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പി.എ. രമണീഭായ് എന്നിവര്‍ കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് വിട്ടത്. രമണീഭായ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന സമിതി അംഗത്വവും രാജിവച്ചു. കൃഷ്ണകുമാരി രവി സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസര്‍, എഐസിസി ഇന്‍സ്ട്രക്ടര്‍ എന്നീ സ്ഥാനങ്ങളും രാജിവച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
മാഫിയ സംഘങ്ങള്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടതായി ആരോപിച്ച് മുതിര്‍ന്ന നേതാവ് കെ.ഗോപിനാഥ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗത്വം രാജിവെച്ചു. പ്രവര്‍ത്തന മികവിനേക്കാള്‍ ഉപരിയായി ബാഹ്യ ഇടപെടലുകളാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഫലിച്ചതെന്നും വരും ദിവസങ്ങളില്‍ ഇതിനെതിരെയുള്ള രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നും കരിമ്പ പഞ്ചായത്തിന്റെയും സഹകരണ ബാങ്കിന്റെയും മുന്‍ പ്രസിഡന്റായ കെ. ഗോപിനാഥ് പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷണ്മുഖാനന്ദന് സ്ഥാനം രാജിവച്ചു. കെപിസിസി നിര്‍ദ്ദേശിച്ച ചട്ടങ്ങള്‍ പഞ്ചായത്ത് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ പാലിച്ചില്ലെന്ന് ഷണ്മുഖാനന്ദന് ആരോപിച്ചു.
പാലക്കാട് ഇത്തവണ ചെയര്‍മാന്‍സ്ഥാനം വനിത സംവരണമായതിനാല്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും 41ാം വാര്‍ഡില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നുണ്ടെന്നും നേതൃത്വത്തെ അറിയിച്ചെങ്കിലും ഒരുനേതാവുപോലും തിരക്കിയില്ലെന്ന് രമണീഭായ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം സ്ത്രീകളോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്നും രാജിക്കത്ത് കെപിസിസി പ്രസിഡന്റിന് ഇ മെയില്‍ ചെയ്തിട്ടും ഒരു പ്രതികരണവുമുണ്ടായില്ലെന്നും രമണീഭായ് പറഞ്ഞു.
കഴിഞ്ഞ 49 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയും നേതാവുമായിരിക്കുന്ന തന്നെപ്പോലുള്ള നേതാക്കളോട് കടുത്ത വഞ്ചനയാണ് നേതൃത്വം കാട്ടിയതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി രവി പറഞ്ഞു. രാജിവെക്കാനുള്ള തീരുമാനം അറിഞ്ഞ എ.കെ. ആന്റണി, അബദ്ധം കാട്ടരുതെന്ന് ഉപദേശിച്ചു. എന്നാല്‍ ഇതുവരെ ഈ പാര്‍ടിയില്‍ പ്രവര്‍ത്തിച്ചതാണ് വലിയ അബദ്ധമെന്നാണ് മറുപടി പറഞ്ഞതെന്ന് കൃഷ്ണകുമാരി പറഞ്ഞു. അഴിമതികാട്ടിയതിന് സിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റിനെയാണ് ജില്ലാ പഞ്ചായത്ത് തിരുവേഗപ്പുറ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനര്‍ഥിയാക്കിയത്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. ഇക്കാര്യം ഡിസിസി നേതൃത്വത്തെ അറിയിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ലെന്ന് കൃഷ്ണകുമാരി പറഞ്ഞു.
നിലവില്‍ ചാലിശേരിയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ കൃഷ്ണകുമാരി, തിരുവേഗപ്പുറ ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. രമണീഭായ് പാലക്കാട് നഗരസഭ 41ാം ഡിവിഷനില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവരോടൊപ്പം നിലവിലുള്ള കൗണ്‍സിലര്‍ സാവിത്രിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: