തിരുവനന്തപുരം: അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. കേരളത്തിലെ 21,871 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് 75,549 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളിലേക്ക് 1282-ഉം 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6915-ഉം 941 ഗ്രാമപഞ്ചായത്തുകളിലേക്ക് 54956-ഉം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 86 മുനിസിപ്പാലിറ്റികളില്‍ 10433 -ഉം ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 1963 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.
നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍ രണ്ടു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ജോലികള്‍ക്കായി ഏതാണ്ട് രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിട്ടുണ്ട്. 35,000 പോളിംഗ് സ്റ്റേഷനുകളാണ് ഒട്ടാകെ ഉള്ളത്. ത്രിതല പഞ്ചായത്തുകളിലടക്കം എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഇക്കുറി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ടാഴ്ചയാണ് പ്രചാരണത്തിന് ശേഷിക്കുന്നത്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നത്.
ആകെ ഒരു ലക്ഷത്തി മുപ്പത്തി ഒന്നായിരത്തോളം പേരാണ് പത്രിക സമര്‍പ്പിച്ചത്. പിന്‍വലിച്ചതും തള്ളിയതും കഴിഞ്ഞ് ബാക്കി 75,549 പേരാണ് മത്സരത്തിന് കച്ചമുറുക്കിയിട്ടുള്ളത്. ഇക്കുറി സ്ത്രീകള്‍ കൂടുതലായി മത്സരരംഗത്തുണ്ട്. എറണാകുളം, മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും പുരുഷന്മാരെക്കാളും വനിതാസ്ഥാനാര്‍ഥികളാണ് കൂടുതലുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ആകെ 6,507 സ്ഥാനാര്‍ഥികളുള്ളതില്‍ 3,308 ഉം സ്ത്രീകളാണ്. 3,199 പുരുഷന്മാരാണ് ഇവിടെ മത്സരത്തിനുള്ളത്.
ജില്ലകളിലെ ആകെ സ്ഥാനാര്‍ഥികള്‍, പുരുഷന്മാരെത്ര സ്ത്രീകളെത്ര എന്ന പട്ടിക ചുവടെ.
കൊല്ലം-5701 (2737, 2964), ആലപ്പുഴ-5513 (2607, 2906), പത്തനംതിട്ട-3814 (1769, 2045), കോട്ടയം-5401 (2589, 2812), ഇടുക്കി-3339 (1668,1671), തൃശ്ശൂര്‍-7070 (3503, 3567), പാലക്കാട്-6466 (3210, 3256), വയനാട്-1882 (939, 943), കോഴിക്കോട്-5971 (2955, 3016), കണ്ണൂര്‍-5109 (2533, 2576), കാസര്‍കോട്-2652 (1252, 1370). എറണാകുളത്ത് 3749 പുരുഷന്മാരും 3682 സ്ത്രീകളും അടക്കം 7431 പേര് അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള മലപ്പുറത്താകട്ടെ 8693 പേരാണ് മത്സരിക്കാനുള്ളത്. 4541 പുരുഷന്മാരും 4152 സ്ത്രീകളും. മറ്റൊരു ജില്ലയിലും എണ്ണായിരത്തിന് മുകളില്‍ സ്ഥാനാര്‍ഥികളില്ലെന്നതും ശ്രദ്ധേയമാണ്.
941 ഗ്രാമപ്പഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2076ഉം 14 ജില്ലാപ്പഞ്ചായത്തുകളിലെ 331ഉം മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലെ 3088ഉം ആറ് കോര്‍പ്പറേഷനുകളിലെ 414ഉം വാര്‍ഡുകളിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരില്‍ 2017ലാണ് തെരഞ്ഞെടുപ്പ്. പാലക്കാട് ജില്ലയിലെ പുതുശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ഷണ്മുഖം ചെട്ടിയാരെ തീവണ്ടിപ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതാണ് തെരഞ്ഞെടുപ്പ് മാറ്റാന്‍ കാരണം. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
തര്‍ക്കങ്ങളും പരാതികളും കാരണം ഏറെ വൈകിയാണ് മിക്ക ജില്ലകളിലും സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കല്‍ പൂര്‍ത്തിയായത്. സ്ഥാനാര്‍ഥി പട്ടികകള്‍ ശനിയാഴ്ച രാത്രി തന്നെ ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. രണ്ടു ദിവസത്തിനുള്ളില്‍ അച്ചടി പൂര്‍ത്തിയാക്കും. തപാല്‍ വോട്ടിനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ പതിക്കുന്നതിനുമാണ് ബാലറ്റ് പേപ്പര്‍ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: