വെള്ളനാട്(തിരുവനന്തപുരം): മികവിന്റെ പൊന്താലി ചാര്‍ത്തി വെള്ളനാടിനെ ഭാരതത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ ഗിരിജകുമാരി വീണ്ടും മത്സരവേദിയിലേക്ക്. നാടിന്റെ നന്മ പ്രാണവായുപോലെ മുറുകെപിടിച്ച വെള്ളനാടിന്റെ വത്സലപുത്രി. ഒരു ഗ്രാമത്തിന്റെ ആകുലതകള്‍ ഭാരതത്തിന്റെ പ്രഥമ പൗരനുമുന്നില്‍ പോലും അവതരിപ്പിച്ച് പരിഹാരമുണ്ടാക്കിയ സ്ത്രീരത്നം. ഇങ്ങനെ ഗിരിജകുമാരിക്ക് പരിവേഷങ്ങള്‍ ഏറെയുണ്ട്.
2000 ല്‍ ഗിരിജകുമാരി തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് ഈ ഗ്രാമം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അധികാരത്തിലേറി ആദ്യനാളില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റു്മാര്ക്ക് ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന ആവശ്യവുമായി ഗിരിജകുമാരി സര്‍ക്കാരിനെ സമീപിച്ചു. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുക മാത്രമല്ല പഞ്ചായത്ത് രാജ് നിയമത്തില്‍ അത് ഉള്‍പ്പെടുത്തുക കൂടി ചെയ്തു. അങ്ങനെ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ദുരിതാശ്വാസനിധി യാഥാര്‍ത്ഥ്യമായി.
പശ്ചിമഘട്ട വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം കോടികള്‍ നല്‍കിയിട്ടും വികസനം അട്ടിമറിക്കപ്പെടുന്നത് കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. സന്നദ്ധസംഘടനകള്ക്കായിരുന്നു സര്‍ക്കാര്‍ പദ്ധതി നടത്തിപ്പ് ചുമതലയും ഗ്രാന്റും നല്‍കിയിരുന്നത്. ഇത് പദ്ധതിയുടെ താളം തെറ്റിക്കുമെന്നും പഞ്ചായത്തുകള്‍ക്ക് പശ്ചിമഘട്ട വികസനത്തിന്റെ ചുമതല നല്‍കണമെന്നും ഗിരിജകുമാരി അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്ക് നേരിട്ട് കത്തെഴുതി. തീരുമാനം വൈകിയില്ല. പശ്ചിമഘട്ട വികസനത്തിന്റെ ഫണ്ട് നബാര്‍ഡുവഴി അതാതു പഞ്ചായത്തുകള്‍ക്ക് നല്കാന് വാജ്പേയി സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യത്ത് ആദ്യമായി വെള്ളനാട് പഞ്ചായത്തിലെ വാളിയറ വാര്‍ഡില്‍ 48 ലക്ഷം രൂപ പശ്ചിമഘട്ട വികസനത്തിന് 2001 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. ഇന്ന് പഞ്ചായത്തുകള്‍ നബാര്‍ഡ് വഴി വാങ്ങിയെടുക്കുന്നത് കോടികളാണ്.
ഭാരതത്തിലെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് പഞ്ചായത്തെന്ന ഖ്യാതിയും 2003 ല്‍ ഗിരിജകുമാരിയാണ് വാജ്പേയി സര്‍ക്കാരില്‍ നിന്ന് സ്വന്തമാക്കിയത്. സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു ഗിരിജകുമാരി വെള്ളനാടിനെ മികച്ച ഗ്രാമമാക്കിയത്. വിദേശികള്‍ വെള്ളനാടിന്റെ വിജയമാതൃക പഠിക്കാന്‍ ഒഴുകിയെത്തി. പല വിദേശ രാജ്യങ്ങളിലെയും ഗ്രാമങ്ങള്‍ വെള്ളനാടിന്റെ മാതൃക ഇപ്പോഴും പിന്തുടരുകയാണ്. വെള്ളനാടിനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച ഗിരിജകുമാരിയെ കേന്ദ്ര സര്‍ക്കാര്‍ മികച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റിനുള്ള അവാര്‍ഡ് നല്കി അംഗീകരിച്ചതും ചരിത്രമാണ്. 2000 മുതല്‍ 2005 വരെ ഗിരിജകുമാരി വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായി തുടര്‍ന്നു. 2005 ല്‍ വീണ്ടും മൃഗീയ ഭൂരിപക്ഷം നല്കി വെള്ളനാട്ടുകാര്‍ ഗിരിജകുമാരിയെ വിജയിപ്പിച്ചു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി.
ഇക്കുറി വീണ്ടും സ്വന്തം തട്ടകമായ വെള്ളനാട് ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ഗിരിജ ജനവിധി തേടുന്നത്. നാടിന്റെ വികസനം പലകുറി ലോകശ്രദ്ധ ആകര്‍ഷിക്കും വിധം യാഥാര്‍ത്ഥ്യമാക്കിയ നേതാവിനെ ഒരിക്കല്‍കൂടി വിജയതിലകമണിയിക്കാന്‍ വെള്ളനാട്ടുകാര്‍ മത്സരിക്കുകയാണ്. ഗിരിജ പടിയിറങ്ങിയതിനു ശേഷം എടുത്തുപറയാവുന്ന ഒരു വികസന പ്രവര്‍ത്തനവും ചെയ്തു കാണിക്കാന്‍ കഴിയാത്ത മുന്നണി സംവിധാനങ്ങള്‍ക്ക് മറുപടി നല്കാന് ഒരുങ്ങുകയാണ് ഈ ഗ്രാമം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴും വെള്ളനാട് ജനത ഒറ്റക്കെട്ടായി ഗിരിജയ്ക്കൊപ്പമായിരുന്നു. നാടിന്റെ സ്നേഹവും കരുതലും കൂട്ടിനുള്ളതിനാല്‍ വെള്ളനാടിന് ഒരിക്കല്‍കൂടി തങ്കത്താലി അണിയിക്കാന്‍ ഗിരിജകുമാരി എത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: