മലപ്പുറം: മലപ്പുറത്ത് യുഡിഎഫിലെ പ്രധാനികളായ ലീഗും-കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പാടുപെടുന്നത് ജില്ലയിലെ മന്ത്രിമാരായ അബ്ദുറബ്ബ്, പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, എ.പി.അനില്‍കുമാര്‍ എന്നിവര്‍. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്.
വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ മണ്ഡലമായ പരപ്പനങ്ങാടിയില്‍ യുഡിഎഫ് സംവിധാനം തകര്‍ന്നു. പുതിയതായി രൂപീകരിച്ച പരപ്പനങ്ങാടി നഗരസഭയിലാണ് പ്രശ്നം അതിരൂക്ഷം. നഗരസഭയിലെ വോട്ടറായ അബ്ദുറബ്ബ് മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ലീഗിനോട് പിണങ്ങിയ കോണ്‍ഗ്രസ് ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച് സഹകരണ മുന്നണിക്ക് രൂപം നല്കിയിരിക്കുന്നു. പക്ഷേ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ലീഗിനാണ്. സ്വന്തം മണ്ഡലത്തില്‍ പ്രശ്നം ഇത്രത്തോളം വഷളായിട്ടും മന്ത്രി ഇടപെടാത്തതും പ്രചരണത്തിനിറങ്ങാത്തതും അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ലീഗിലെ ഏറ്റവും പ്രബലനും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാണക്കാട് പഞ്ചായത്തിലെ വോട്ടറാണ്. ലീഗിന്റെ ആസ്ഥാനവും ശക്തികേന്ദ്രവുമായ പാണക്കാട് ഇത്തവണ വിമതശല്യം രൂക്ഷമാണ്. പാണക്കാട് വാര്‍ഡില്‍ വ്യാപകമായി ലീഗ് കള്ളവോട്ട് ഉണ്ടാക്കിയതായും ആരോപണമുണ്ട്.
എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മന്ത്രിയുടെ സാന്നിധ്യമുണ്ട്.
ഇടതുപാളയത്തില്‍ നിന്നുമെത്തിയ മഞ്ഞളാംകുഴി അലിക്കുവേണ്ടി ലീഗ് പിടിച്ചു വാങ്ങിയതാണ് അഞ്ചാം മന്ത്രി സ്ഥാനം. എന്നാല്‍ ഈ മന്ത്രി സ്ഥാനം കൊണ്ട് നാടിനൊരു ഉപകാരവും ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ ലീഗിനെ വഴിവിട്ട് സഹായിക്കുന്നതിനാണ് മന്ത്രി ശ്രമിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. പുഴക്കാട്ടിരി പഞ്ചായത്തിലെ വോട്ടറാണ് മന്ത്രി. എന്നാല്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേയും നഗരസഭയിലേയും സീറ്റ് വിഭജനത്തിലുള്‍പ്പടെ മന്ത്രി അലി നേരിട്ടിടപ്പെട്ടു. ഒരേ കുടുംബത്തിന് തന്നെ അഞ്ച് സീറ്റുകള്‍ വരെ നല്കി.
പെരിന്തല്‍മണ്ണ നഗരസഭയില്‍ വലിയ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതി വഷളാണ്. ലീഗിലെ ഒരു വിഭാഗം മന്ത്രിയുടെ കടന്നുകയറ്റത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. മിക്കസ്ഥലത്തും വിമതരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചര്‍ച്ചകളിലൂടെയും സമ്മര്‍ദ്ദം ചെലുത്തിയും മന്ത്രി തന്റെ സ്വന്തം ആളുകള്‍ക്കായി സീറ്റുകള്‍ പിടിച്ചുവാങ്ങുകയായിരുന്നെന്ന് ലീഗിലെ വിമതവിഭാഗം ആരോപിക്കുന്നു. പ്രചാരണരംഗത്ത് സജീവമല്ലെങ്കിലും, തന്റെ ശിങ്കിടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയന്ത്രിക്കുന്നത് മന്ത്രി നേരിട്ടാണ്.
കോണ്‍ഗ്രസ് മന്ത്രിമാരില്‍ എ.പി.അനില്‍കുമാറിന്റെ വണ്ടൂരാണ് പ്രശ്നങ്ങള്‍ ഏറെയുള്ള മറ്റൊരു മണ്ഡലം. കാളികാവ്, കരുവാരക്കുണ്ട്, ചോക്കാട്, പോരൂര്‍, തുവ്വൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. മലപ്പുറം നഗരസഭയിലാണ് മന്ത്രിയുടെ വോട്ടെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ശക്തിപകരാന്‍ അദ്ദേഹം മണ്ഡലത്തില്‍ തന്നെയുണ്ട്.
ലീഗ്-കോണ്‍ഗ്രസ് പ്രശ്നം പരിഹരിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിയിലെ അംഗം കൂടിയാണ് മന്ത്രി. പക്ഷേ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രശ്നബാധിത പഞ്ചായത്തുകളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള അനുമതി ഇരുപാര്‍ട്ടികള്‍ക്കും നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിന് മന്ത്രികൂടി ഇറങ്ങിയപ്പോള്‍ ലീഗുകാര്‍ക്കും വാശിയായി. അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. കരുവാരക്കുണ്ട് പഞ്ചായത്തിലുള്‍പ്പടെ ലീഗിന്റെ പുതിയ ചങ്ങാതിമാര്‍ സിപിഎമ്മാണ്. സിപിഎമ്മുമായി ഒരു ഐക്യവുമില്ലെന്ന് നേതാക്കള്‍ പറയുമ്പോഴാണ് വണ്ടൂര്‍ മണ്ഡലത്തിലെ ഈ പരസ്യ കൂട്ടുകെട്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മന്ത്രി ആര്യാടന് മുഹമ്മദ് മാത്രം വലിയ സന്തോഷത്തിലാണ്. ജില്ലയിലെ മന്ത്രിമാരില്‍ അധികം ടെന്‍ഷന്‍ അനുഭവിക്കാത്തതും ഇദ്ദേഹം തന്നെ. കാരണം ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും അദ്ദേഹം പാഴാക്കാറില്ല. സ്വന്തം തട്ടകമായ നിലമ്പൂര്‍ നഗരസഭയിലേക്ക് ഒരു ലീഗ് പ്രതിനിധിയെ പോലും ജയിപ്പിക്കില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വെല്ലുവിളിക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
നിലമ്പൂര്‍ നഗരസഭയില്‍ ഇത്തവണ വനിതാ സംവരണമാണ്. അതുകൊണ്ട് തന്നെ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇവിടെ സിപിഎം ഔദ്യോഗിക വിഭാഗത്തെക്കാള്‍ ശക്തം വിമതരാണ്. ബിജെപിയും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം വിമതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: