മറയൂർ (ഇടുക്കി): മറയൂർ പഞ്ചായത്ത്് ഭരണം പിടിച്ചെടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾക്ക് പ്രദേശത്തെ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ. പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതിൽ ഒന്നാം വാർഡിൽ സാലിമാത്യു, മൂന്നാം വാർഡിൽ പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റ് ബാബുതോമസ്, ഏഴാം വാർഡിൽ ഡെബിൻ ജോസഫ് എന്നിവരും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മരിയ സൈസയും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ്. പഞ്ചായത്തിൽ പത്ത് ശതമാനത്തോളം വോട്ടുകൾ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർക്കുണ്ട്. ഇടത്-വലത് മുന്നണികൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയിരിക്കുന്നതിലും പ്രാധാന്യം ബിജെപി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ 13 വാർഡുകളാണ് ഉള്ളത്. ഇതിൽ 11 വാർഡുകളിൽ കോൺഗ്രസാണ് വിജയിച്ചത്. രണ്ട് വാർഡുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ബിജെപി ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് ആദ്യമായാണ്. ആറ് മാസം മുൻപ് വിവിധ പാർട്ടികളിൽ നിന്ന് ആയിരത്തോളം പേർ ബിജെപിയിൽ എത്തിയിരുന്നു. വനവാസിവോട്ടർമാർക്കിടയിലും ബിജെപിക്ക് വേരോട്ടമുണ്ട്. ഇതൊക്കെയാണ് ബിജെപിയുടെ പ്രതീക്ഷയ്ക്കടിസ്ഥാനം. ഏഴ് വാർഡുകളിൽ വിജയിച്ച് പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് പറയുന്നത്. എല്ലാ വാർഡുകളിലും കോൺഗ്രസാണ് ബിജെപിയുടെ പ്രധാന എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: