ആലപ്പുഴ: ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ബാഹുല്യമുണ്ടായിരുന്ന ആലപ്പുഴ ജില്ലയില്‍ ഇത്തവണ മന്ത്രിമണ്ഡലം ഒന്നു മാത്രമാണുള്ളത്. യുഡിഎഫ് മന്ത്രിസഭയുടെ പകുതികാലം പിന്നിട്ടശേഷം ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റ രമേശ് ചെന്നിത്തല പ്രതിനിധീകരിക്കുന്ന ഹരിപ്പാട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ കേന്ദ്രത്തില്‍ നിന്നും മാറ്റി ഹരിപ്പാട്ട് പതിവായി നടത്തുന്നുവെന്നതൊഴിച്ചാല്‍ കാര്യമായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. സ്വകാര്യ മേഖലയില്‍ കരുവാറ്റയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള നീക്കം ഇതിനകം വിവാദമായിക്കഴിഞ്ഞു.
അപ്പര്‍ കുട്ടനാടിന്റെ സിംഹഭാഗവും ഈ മണ്ഡലത്തിലാണ് . എന്നാല്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയും ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പതിവായി കൃഷിനാശമുണ്ടായി ഇവിടങ്ങളിലെ കര്‍ഷകര്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എന്‍ടിപിസി ഈ മണ്ഡലത്തിലെ ചേപ്പാട് പഞ്ചായത്തിലാണ്. പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ ഭരിച്ചിട്ടും കേന്ദ്രത്തില്‍ നിന്നും യാതൊരു പദ്ധതിയും ഇവിടെ എത്തിക്കാനും കെപിസിസി പ്രസിഡന്റുകൂടിയായിരുന്ന ചെന്നിത്തലയ്‌ക്കു കഴിഞ്ഞില്ല. ഹരിപ്പാട് ഇത്തവണ മുഖം മാറി നഗരസഭയായിക്കഴിഞ്ഞു.
2010ല്‍ എട്ട് സീറ്റോടെ എല്‍ഡിഎഫ് അധികാരത്തില്‍ എത്തി. യുഡിഎഫിന് അഞ്ച് സീറ്റ് ലഭിച്ചു. ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളാണ് ഉണ്ടാവുന്നത്. നിലവിലുള്ള 13 വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് 19 ആക്കിയത് കൂടാതെ പള്ളിപ്പാട് പഞ്ചായത്തിലെ അഞ്ചും കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ നാലും ചിങ്ങോലി പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഹരിപ്പാട് മുനിസിപ്പാലിറ്റിയില്‍ ചേര്‍ത്താണ് 29 ആക്കിയത്.
ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ അവകാശവാദവുമായിട്ടാണ് എത്തുന്നത്. എന്നാല്‍ പ്രഖ്യാപനത്തില്‍ മാത്രമാണ് വികസനങ്ങള്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. റോഡുകള്‍ പലതും സഞ്ചാരയോഗ്യമല്ലാതെ കുണ്ടും കുഴിയുമാണ്. മഴ പെയ്താല്‍ വെള്ളം നിറഞ്ഞ് കാല്‍ നടയാത്ര പോലും ദുഷ്‌കരമാവുന്നു.
കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാടെങ്കിലും സൗകര്യങ്ങളൊന്നുമില്ല. എല്ലാ സര്‍ക്കാരാഫീസുകളും ഒരേ കൂരയ്‌ക്ക് കീഴിലെന്ന സിവില്‍ സ്റ്റേഷന്‍ സങ്കല്‍പ്പം നടപ്പായിട്ടില്ല. ഹരിപ്പാടിന്റെ പൈതൃക സ്വത്തായിരുന്ന താലൂക്ക് ഓഫീസ് കെട്ടിടം ഒരു വര്‍ഷം മുമ്പ് പൊളിച്ചുനീക്കിയെങ്കിലും പുതിയ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ നടപടികളായില്ല. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കല്യാണമണ്ഡപം വാടകയ്‌ക്ക് എടുത്താണ് താലൂക്ക് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഹരിപ്പാടിന് സമീപമുള്ള അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 12 കിലോമീറ്റര്‍ നീളമുള്ള കാര്‍ത്തികപ്പള്ളി തോടിനെ ശുചീകരിക്കാന്‍ ആറുമാസത്തിനുള്ളില്‍ ഒന്നേ മുക്കാല്‍ കോടി രൂപ ചെലവാക്കിയ പദ്ധതിയില്‍ വന്‍ അഴിമതിയാരോപണവും ഉയരുന്നു.
















