തിരുവനന്തപുരം: അതീവ പ്രശ്‌നബാധിതമായി പോലീസ് കണ്ടെത്തിയ 1,315 പോളിംഗ് ബൂത്തുകളുടെ പട്ടികയില്‍ 1,022 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി.
വെബ് കാസ്റ്റിംഗിനുളള പശ്ചാത്തല സൗകര്യമുണ്ടെന്ന് ബിഎസ്എന്‍എല്‍ അധികാരികള്‍ അറിയിച്ച ബൂത്തുകളിലാണിത്. ശേഷിച്ച ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും ജില്ലാതെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് ചുമതല നല്‍കി. പോളിംഗ് ദിവസം വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിന് ബൂത്തൊന്നിന് 4,000 രൂപ നിരക്കാണ് നിശ്ചയിച്ചിട്ടുളളത്.
ജില്ലാ തെരഞ്ഞെടുപ്പു ഉദേ്യാഗസ്ഥരും ജില്ലാ പോലീസ് മേധാവിയും സിറ്റി പോലീസ് കമ്മീഷണറും ചേര്‍ന്ന് കണ്ടെത്തുന്ന മറ്റ് പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി ഈ നിരക്കില്‍ കമ്മീഷന്റെ ചെലവില്‍ ഏര്‍പ്പെടുത്തും. രാഷ്‌ട്രീയ കക്ഷികളും മറ്റ് സംഘടനകളും സ്ഥാനാര്‍ഥികളും ആവശ്യപ്പെടുന്ന ബൂത്തുകളില്‍ അവരുടെ ചെലവില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്താനും തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരെ ചുമതലപ്പെടുത്തി. ഇതിന് കമ്മീഷന്‍ നിശ്ചയിച്ച തുക മുന്‍കൂറായി ആവശ്യക്കാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ മുമ്പാകെ കെട്ടിവയ്‌ക്കണം.
വീഡിയോ റിക്കാര്‍ഡിംഗിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ വീഡിയോഗ്രാഫറില്‍ നിന്നു വാങ്ങി ജില്ലാതെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ സുരക്ഷിത സൂക്ഷിപ്പില്‍ വയ്‌ക്കേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
















