മലപ്പുറം: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ പഞ്ചായത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്ന് വീമ്പുപറയുന്ന സിപിഎമ്മിന് മലപ്പുറത്തെ താനൂര്‍ നഗരസഭയില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ല.
മലപ്പുറം ജില്ലയില്‍ വലിയ മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെടുന്ന സിപിഎം സ്വന്തം ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം ഉപേക്ഷിച്ചാണ് മത്സര രംഗത്തുള്ളത്. നഗരസഭയില്‍ കപ്പും സോസറുമാണ് എല്‍ഡിഎഫ് സ്ഥാനാ ര്‍ത്ഥികളുടെ പൊതുചിഹ്നം. ബിജെപിയുടെ ശക്തികേന്ദ്രമായ താനൂരില്‍ ബിജെപിയുടെ വിജയം തടയുകയെന്ന ലക്ഷ്യത്തോടെ വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ച് സിപിഎം നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അവര്‍ക്ക് സ്വന്തം ചിഹ്നം പോലും അന്യമായത്. താനൂര്‍ നഗരസഭയുടെ ഭരണം ബിജെപിക്ക് ലഭിക്കുമെന്ന കാര്യം വ്യക്തമായപ്പോള്‍ എന്‍ഡിഫ്, എസ്ഡിപിഐ, ശിവസേന, വെല്‍ഫെയര്‍ പാര്‍ട്ടി, കോണ്‍ഗ്രസ്-ലീഗ് വിമതര്‍ എന്നിവരെ കൂട്ടുപിടിച്ചിരിക്കുകയാണ് സിപിഎം.
ആദ്യം ലീഗിനെയും കോണ്‍ഗ്രസിനെയും ഒപ്പം ചേര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. പക്ഷേ ലീഗും കോണ്‍ഗ്രസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതോടെ സിപിഎം വര്‍ഗീയ സംഘടനകളെ സമീപിക്കുകയായിരുന്നു. മലപ്പുറത്ത് 90 ശതമാനം പ്രദേശങ്ങളിലും ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേരെയാണ് മത്സരം. താനൂര്‍ ബിജെപി ഭരിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുപാര്‍ട്ടികളും തല്‍ക്കാലത്തേക്ക് നിലവിലെ പ്രശ്‌നങ്ങള്‍ മറക്കുകയായിരുന്നു. സിപിഎമ്മിന് സ്വന്തമായി സ്ഥാനാര്‍ത്ഥി ഇല്ലാത്തത് മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
















