വിഴിഞ്ഞം: പ്രതികൂല കാലാവസ്ഥയിലും കോവളത്ത് ഉല്ലാസ ബോട്ടുകളുടെ മത്സരപ്പാച്ചില്‍ തുടരുന്നു. മനുഷ്യജീവനുകള്‍ തൃണവത്ഗണിച്ച് കൊണ്ട് ലാഭം ലക്ഷ്യമിട്ടുള്ള ബോട്ടുകളുടെ മരണപ്പാച്ചിലിന് അധികൃതരുടെ മൗനാനുവാദവും കൂടിയാകുമ്പോള്‍ ശക്തി വര്‍ദ്ധിക്കുന്നു. ടൂറിസം സീസണ് തീരുന്നതിന്റെ ലക്ഷണമായി കാറ്റും കോളും ഏറിയിരിക്കുന്ന സമയത്താണ് ബോട്ടുകള്‍ ഉല്ലാസസവാരിക്ക് ആളെ കൂട്ടുന്നത് എന്നത് അപകടത്തിന്റ തീവ്രത രൂക്ഷമാകുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാറ്റ് കൂടുതലായിരുന്ന വൈകുന്നേരം സമയത്തുണ്ടായ അപകടത്തില്‍ ഭാഗ്യം കൊണ്ടാണ് നാലു യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സഞ്ചാരികള്‍ മരിച്ച സംഭവങ്ങള്‍ വരെ നേരത്തെ കോവളത്ത് ഉണ്ടായിട്ടുണ്ട്.
സീസണിന്റെ അന്ത്യത്തില്‍ അടിയൊഴുക്കും തിരയടിയും കാറ്റും കൂടുന്നതോടെ ബോട്ടിങ്ങ് അവസാനിപ്പിക്കണമെന്നാണ് തുറമുഖ വകുപ്പ് നല്കുന്ന നിര്‍ദേശം. എന്നാല്‍ ഇതു കാര്യമാക്കാതെ സവാരി പരമാവധി ദിവസം നീട്ടിക്കൊണ്ടുപോകുകയാണ് ബോട്ടുടമകള്‍ ചെയ്യുന്നത്. ബോട്ടുകളുടെ മത്സരപ്പാച്ചിലിനെപ്പറ്റിയും തുറമുഖ വകുപ്പ് നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതിനെപ്പറ്റിയും നിരവധി പരാതികളാണ് ഉയരുന്നത്. അനുവദനീയമായതിനെക്കാള്‍ വേഗത്തിലാണ് മിക്ക ബോട്ടുകളും സഞ്ചരിക്കുന്നത്. വേഗത്തില്‍ യാത്ര അവസാനിപ്പിച്ച് അടുത്ത സവാരിക്ക് ആളെക്കൂട്ടാനുള്ള തിരക്കാണ് ഈ മത്സരയോട്ടത്തിനു പിന്നിലുളളത്. പലപ്പോഴും അപകടത്തിനിടയാക്കുന്നതും ഈ മത്സരയോട്ടം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: