കൊല്ലം:സ്വന്തം തട്ടകം എന്നവകാശപ്പെടുന്ന കൊല്ലത്ത് യുഡിഎഫിനെ വന്‍വിജയത്തിലേക്ക് നയിക്കുമെന്ന് മുന്നണി നേതൃത്വം പ്രതീക്ഷിച്ച ആര്‍എസ്പിക്ക് കനത്ത തിരിച്ചടി. മുന്നണിമാറ്റത്തിന് ശേഷം ആദ്യമായി തദ്ദേശഭരണതെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിക്ക് പഴയ പ്രതാപം അവകാശപ്പെടാനാവില്ലെന്ന് തെളിയിക്കുന്നതാണ് ഫലം.
എല്‍ഡിഎഫിലായിരുന്നപ്പോള്‍ 12 സീറ്റില്‍ മത്സരിച്ച് 7 സീറ്റില്‍ ജയിക്കുകയും 20 സീറ്റുകളില്‍ നിര്‍ണായകമായ വിജയം സ്വന്തം അധ്വാനത്തിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നേടിക്കൊടുക്കുകയും ചെയ്തതായി അവകാശപ്പെട്ടിരുന്ന ആര്‍എസ്പിയുടെ ശക്തിക്ഷയം വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന ഫലം. യുഡിഎഫിന്റെ പത്തുപേരെ പോലും ജയിപ്പിക്കാനായില്ല എന്നു മാത്രമല്ല ഡിസിസി നേതൃത്വത്തോട് മല്ലടിച്ച് നേടിയ 11 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിക്ക് പകുതി സീറ്റുകള്‍ പോലും ജയിക്കാനായില്ല.
നാലു സീറ്റുകളാണ് ആര്‍എസ്പി ജയിച്ചത്. തെരഞ്ഞെടുപ്പില്‍ കോര്പ്പറേഷന് ഭരണകൂടത്തിനെതിരെ ശക്തമായ പ്രചരണപരിപാടികള്‍ നടത്താത്തതും മുന്നണിമാറ്റം സംബന്ധിച്ച നിലപാട് ആവര്ത്തിക്കാത്തതുമാണ് ആര്‍എസ്പിക്ക് തിരിച്ചടിയായതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
യുഡിഎഫിനൊപ്പം വര്‍ഷങ്ങളായി നില്ക്കുന്ന മുസ്ലിം ലീഗിന് പോലും നല്‍കാത്ത പരിഗണനയാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് നല്‍കിയത്. ഒരു ഘട്ടത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറെടുപ്പുകള്‍ നടത്തിയതാണ്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്നും സിറ്റിങ് സീറ്റായ ഇരവിപുരം കൈപ്പിടിയിലാക്കാന്‍ ആര്‍എസ്പിക്ക് ഇനി പാടുപെടേണ്ടിവരും.
ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാക്കളെപോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറക്കാന്‍ നേതാക്കള്‍ക്ക് സാധിക്കാത്തതും യുഡിഎഫില്‍ അധികകാലം തുടരാനാകില്ലെന്ന ഇടതുപാര്‍ട്ടികളുടെ പ്രചാരണവും മുന്നണിക്ക് നഷ്ടമുണ്ടാക്കിയതായാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: