ഇടുക്കി: ഇടുക്കി ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായെങ്കിലും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സഹായത്തോടെ സീറ്റ് തരപ്പെടുത്തി ഇടതുപക്ഷം പിടിച്ചുനിന്നു. 16 അംഗ ജില്ല പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് കഴിഞ്ഞതവണ യുഡിഎഫ് ഭരണം നിലനിര്‍ത്തിയിരുന്നത്. ഇത്തവണ 10 സീറ്റ് നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഉയര്‍ത്തിക്കാട്ടിയ ഇന്ദു സുധാകരന്‍ തോറ്റത് യുഡിഎഫിന് അപ്രതീക്ഷിത പ്രഹരമായി.
ദേവികുളം, മുള്ളരിങ്ങാട്, നെടുങ്കണ്ടം, വാഗമണ്‍ എന്നീ ഡിവിഷനുകളിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മുരിക്കാശേരിയിലും പൈനാവിലും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മത്സരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 16 ജില്ലാ ഡിവിഷനിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്്‌സരിച്ചിരുന്നു. മുന്‍കാലങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. കരിങ്കുന്നം ഡിവിഷനില്‍ മത്സരിച്ച ബിജെപി നേതാവ് പ്രശാന്ത് 7253 വോട്ടുകള്‍ നേടി. ജില്ല ഡിവിഷനില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് പ്രശാന്തിനാണ്.
















