പാലക്കാട് : ഇന്ന് നടക്കുന്ന വിമോചനയാത്രാ സ്വീകരണ സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കന്മാരും നീര്‍ത്തട സംരക്ഷണ പ്രതിജ്ഞയെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു. ഇന്ന് അന്താരാഷ്ട്ര നീര്‍ത്തട സംരക്ഷണ ദിനമായതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നദികളും നീര്‍ത്തടങ്ങളും കേരളത്തില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. പരിസ്ഥിതി സംരക്ഷണവും നീര്‍ത്തട സംരക്ഷണവുമൊക്കെ പ്രസംഗിക്കുന്ന മന്ത്രിമാരും നേതാക്കന്മാരും പരിസ്ഥിതിയേയും ജലസ്രോതസുകളെയും കൊല്ലുകയാണ്. ആറന്മുളയില് നീര്‍ത്തട സംരക്ഷണ നിയമത്തെപ്പോലും മറികടന്ന് വിമാനത്താവളത്തിനായി രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി വിജ്ഞാപനം ചെയ്തിരുന്നു. വ്യാവസായിക ആവശ്യത്തിനായുള്ള ഈ വിജ്ഞാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.
പാലക്കാട് ഉള്‍പ്പടെയുള്ള പല ജില്ലകളും രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിലാണ്. മലിനജലമാണ് കുടിവെള്ളമായി പല സ്ഥലങ്ങളിലും ലഭിക്കുന്നത്. വിദ്യോഷത്തിന്റെ രാഷ്ട്രീയം പറയുന്നതിന് പകരം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ വിമോചനയാത്രയുടെ മുദ്രാവാക്യങ്ങളായ എല്ലാവര്ക്കും അന്നം, മണ്ണ്, വെള്ളം, തൊഴില്‍, തുല്യനീതി എന്നീ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും കുമ്മനം പറഞ്ഞു.
















