ക്രൂരമാസം ഏപ്രിലാണെന്നാണ് എലിയറ്റ് പറഞ്ഞത്. പക്ഷേ തമിഴ്നാടിന് ക്രൂരം ഡിസംബറാണ്. അതെ,വീണ്ടും ഡിസംബര്‍. ഇങ്ങനെയൊരു ദുരന്തഡിസംബര് ഇനിയും ഉണ്ടാവുമെന്ന് തമിഴ് മക്കള്‍ കഴിഞ്ഞ ഡിസംബറില്‍ വിചാരിച്ചിട്ടുണ്ടാവില്ല. അത്രത്തോളം ദുരന്തത്തിന്റെ വെള്ളപ്പൊക്കമാണ് അന്ന് അവര്‍ അനുഭവിച്ചത്.
കഴിഞ്ഞ രണ്ടു ദിവസം വീശിയടിച്ച വര്‍ധ ചുഴലികൊടുങ്കാറ്റില്‍ മരിച്ചത് പത്തുപേര്‍. ആയിരക്കണക്കിനു മരങ്ങള്‍ വീണ് വഴിയും വൈദ്യുതിയും മറ്റും തടസപ്പെട്ടു. പതിനായിത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മഴ കൂടിയും കുറഞ്ഞുമിരിക്കുമ്പോഴും ആശങ്കയുടെ പെരുമഴ ഉയരുകതന്നെയാണ്.
ദുരന്തം വിതയ്ക്കുന്നകാറ്റിനെല്ലാം എന്തുകൊണ്ടോ പേര് മനോഹരമാണ്. പണ്ട് ഇങ്ങനെയൊരു കാറ്റിന് കത്രീന എന്നായിരുന്നു പേര്.ഇന്നിപ്പോള്‍ വര്‍ധ എന്നും.
വര്‍ധ എന്നു പേരിട്ടത് പാക്കിസ്ഥാനാണ്. ചുവന്ന റോസ് എന്ന് മനോഹരമായ അര്‍ഥമുണ്ടെങ്കിലും സ്വഭാവം അതിക്രൂരം തന്നെ. ചെന്നൈ തീരത്തു നിന്നും അറബിക്കടലില്‍ 20 കിലോ മീറ്റര്‍ അകലെയാണ് ഈ ചുവപ്പു റോസ് വിരിഞ്ഞത്. കനത്ത ജലം കൈകളില്‍ ഒളിപ്പിച്ചാണ് വര്‍ധ ചുറ്റി അടിച്ചത്. ആന്ധ്രയിലും വര്‍ധ നാശം വിതച്ചെങ്കിലും ചെന്നൈയോളമായില്ല. തീരാനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടാന്‍ ദുരന്തത്തിനിടയ്ക്ക് നേരം കിട്ടിയിട്ടില്ല.
കഴിഞ്ഞ ഡിസംബറിലെ മഴവെള്ളപ്പൊക്കക്കാലത്ത് പതിനയ്യായിരം കോടിയുടെ നാശനഷ്ടമാണ് ചെന്നൈയ്ക്കുണ്ടായത്. മുന്നൂറിനടുത്ത് ആള് മരണമുണ്ടായി. പതിനായിരക്കണക്കിന് മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും മരിച്ചു. കാറുകളും വീടുകളും ഒഴുകി നടന്നു. വെള്ളപ്പൊക്കത്തില്‍ പുറത്തു കടക്കാനാവാതെ ജനം ദുരിതംപേറി. റോഡും പറമ്പും വഞ്ചിയിറക്കുന്ന പുഴപോലെയായി. മഴയ്ക്കു കാത്തു കിടക്കുന്ന വേഴാമ്പലിനെപ്പോലെയായിരുന്ന ചെന്നൈയാണ് വെള്ളപ്പൊക്കത്തില്‍ ചിറകു നനഞ്ഞു കുഴഞ്ഞത്.
ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിതയുടെ മരണം. അതിന്റെ കണ്ണീര് ഉണങ്ങും മുമ്പിതാ ചുഴലിക്കാറ്റു ദുരിതവും. ഇങ്ങനെയൊരു ഡിസംബറിലായിരുന്നു തമിഴന്റെ എല്ലാമായ അണ്ണന്റെ-എംജിആറിന്റെ മരണവും. 2004ല്‍ ലോക ദുരന്തമായിത്തീര്‍ന്ന സുനാമി വന്നതും ഡിസംബറിലായിരുന്നു. ദുരന്തത്തിന് ആഴ്ചയും ദിവസവുമൊന്നുമില്ലെങ്കിലും തമിഴനു പക്ഷേ,ഡിസംബര്‍ പേടിസ്വപ്നം ആകുന്നില്ലേ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: