ഹരിഗോവിന്ദന് ഇണങ്ങുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സോപാന സംഗീതരംഗത്തെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന് എന്നതിനപ്പുറം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നത് സമാന്തരതയുടെ സംഗീതകാരന് എന്ന വിശേഷണമായിരിക്കും. കേരളത്തിലുടനീളം സഞ്ചരിച്ച് തോളില്‍ കിടന്നിരുന്ന ഇടയ്ക്കക്കൊപ്പം സോപാനസംഗീതത്തെ തന്റെ ജീവിതം കൊണ്ടുതന്നെ അടയാളപ്പെടുത്തുകയായിരുന്നു ഞരളത്ത്. ക്ഷേത്ര സോപാനത്തില്‍ നിന്നിരുന്ന സംഗീതത്തെ തന്നോടൊപ്പം കൂട്ടി.
മലയാളത്തില്‍ ഫസ്റ്റ് ക്ലാസോടെ ബി.എഡ് ബിരുദം. 1996 ല്‍ പിതാവിന്റെ അന്ത്യത്തിനു ശേഷം സോപാനസംഗീതാവതരണം തുടങ്ങിയ ഹരിഗോവിന്ദന് 2011 ജൂണ്‍ കഴിയുമ്പോഴേയ്ക്കും 3300ല്‍ പരം വേദികളില്‍ സോപാനസംഗീതമെന്ന കൊട്ടിപ്പാടിസേവ അവതരിപ്പിച്ചു. ലോകപ്രസിദ്ധ ഡ്രംസ് മാന്ത്രികന് ശിവമണി, വയലിന് രാജകുമാരന് ബാലഭാസ്കര്‍, ഇടയ്ക്കാ മാന്ത്രികന് സുബ്രഹ്മണ്യന് പെരിങ്ങോട് മിഴാവ് വാദകന്‍ കലാമണ്ഡലം രതീഷ് ഭാസ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം ഹരി സോപാനസംഗീതവുമായി കൂടിച്ചേര്‍ന്നു.
യതിബാക്കി എന്ന കഥാസമാഹാരം, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘കേരളസംഗീതം കേട്ടതും കേള്‍ക്കേണ്ടതും’,കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച’കേരളീയ വാദ്യകല’ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. പിതാവിന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയും കൈയെഴുത്തുപ്രതിയായി തയ്യാറാക്കി. ആനുകാലിക കലാ പ്രശ്നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതി. കേരളീയമായ സകല ഗ്രാമീണഗാനങ്ങളുടെയും ആകെത്തുകയാണ് ‘കേരളസംഗീതം’ എന്ന് സമര്‍ത്ഥിച്ചു.
‘മികച്ച മലയാളി’ ഉള്‍പ്പെടെ 14 വ്യത്യസ്ത അവാര്‍ഡുകള്‍ ഹരിയ്ക്കു ലഭിച്ചു കഴിഞ്ഞു. വന്ദേമാതരം സോപാനശൈലിയിലവതരിപ്പിച്ച് മലയാളിയുടെ ഗാനവൈഭവം വടക്കേ ഇന്ത്യയിലുടനീളം ഹരി എത്തിച്ചു. കേരളത്തിലെ മുഴുവന്‍ സോപാനഗായകരുടെയും ആലാപനങ്ങള്‍ ഡോക്യുമെന്റ് ചെയ്ത് അടുത്ത തലമുറയ്ക്കായി സൂക്ഷിയ്ക്കുന്ന കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കലാസംരക്ഷണ പദ്ധതി ഹരി നടപ്പാക്കി. സോപാനസംഗീതത്തിനു മാത്രമായി സോപാനസംഗീതം.കോം എന്ന വെബ്സൈറ്റ് രൂപീകരിച്ച് ഈ കലയെ ലോകശ്രദ്ധയിലെത്തിച്ചു.
സോപാനസംഗീതത്തെ ആദ്യമായി ഭാരതത്തിനു പുറത്ത് അവതരിപ്പിച്ചത് ഹരിഗോവിന്ദനാണ്. സോപാനസംഗീതത്തെ കേരളത്തിലെ സാംസ്കാരിക അരങ്ങുകളിലെ പ്രാര്‍ത്ഥനാ ഗീതമാക്കി പ്രതിഷ്ഠിച്ചെടുത്തതിലൂടെ ഈ കലാ രംഗത്തെ ആളുകള്‍ക്ക് പുത്തന്‍ വേദികള്‍ ഹരി തുറന്നു കൊടുത്തു. എഴുത്തച്ഛന്, അയ്യപ്പപണിയ്ക്കര്‍, ഇടപ്പള്ളി, ഒഎന്‍വി, സുഗതകുമാരി, പി.കുഞ്ഞിരാമന്‍നായര്‍, വയലാര്‍ തുടങ്ങിയവരുടെ കൃതികള്‍ ഇടയ്ക്ക കൊട്ടിപ്പാടി. കേരളത്തിനു പുറത്തു നിന്നു വന്ന ജയദേവ ഗീതങ്ങള്‍ക്കൊപ്പം കേരളീയമായ കൃതികള്‍ക്ക് സോപാനസംഗീതത്തില്‍ പ്രാധാന്യം വേണമെന്ന വാദം പ്രവൃത്തിയില്‍ കൊണ്ടുവന്നു.
കലാരംഗത്തെ സാമുദായികത, വിലകുറഞ്ഞ കിട മല്‍സരങ്ങള്‍ എന്നിവയ്ക്കെതിരെ മുഖം നോക്കാതെ ആഞ്ഞടിച്ചു. ‘അടയാളങ്ങള്‍’ എന്ന സിനിമയില്‍ പാടി അഭിനയിച്ചു. 5 തരം ഓഡിയോ, സീ.ഡി.കള്‍ ഹരിയുടേതായി ഇറങ്ങിയിട്ടുണ്ട്.കേരള ചരിത്രത്തിലെ ആദ്യ സോപാന സംഗീതോത്സവം ഹരിഗോവിന്ദന് സ്വന്തം വീട് വിറ്റ് കിട്ടിയ പണം കൊണ്ടാണ് 2 0 1 4 ഇല് ഭാരതപ്പുഴയുടെ തീരത്ത് നടത്തിയത്. 2015 ല്‍ കേരള സര്‍ക്കാര്‍ നടത്തിയ സോപാന സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകന്‍ ആയി നിയമിതന് ആയതും ഹരിഗോവിന്ദന് ആണ്.
ഇടയ്ക്കയിടുന്ന സ്വന്തം ചുമലില്‍ കല്ലും മണ്ണും ചുമന്ന് 2010ല്‍ ഹരി ഉണ്ടാക്കിയ ‘ഞെരളത്ത് കലാശ്രമം’ കേരളത്തിലെ, സര്‍ക്കാര്‍ സഹായമില്ലാതെയും രസീതു ബുക്കടിച്ച് പിരിവു നടത്താതെയും നിര്‍മിച്ച ആദ്യത്തേതും അത്ഭുതകരവുമായ സാംസ്കാരിക സമുച്ചയമാണ്. ഇവിടെയാണ് ഞെരളത്തുപയോഗിച്ച ഇടയ്ക്ക വിഗ്രഹമായുള്ള (ലോകത്തിലെ വാദ്യപ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രം) ക്ഷേത്രം ഉള്ളത്.ജാതിമതഭേദമന്യേ ആര്‍ക്കും അകത്തു കടക്കാമെന്ന പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്.
കേരളത്തിലെ ഏക സോപാനസംഗീത തീര്‍ഥാടന കേന്ദ്രം കൂടിയായ ഇവിടെ ഒറ്റ വര്‍ഷത്തിനകം 80ല്‍പരം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിക്കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കേരളീയ വാദ്യകലാ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവ സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരമാകുന്നു. തന്റെ 35 വയസിനിടയ്ക്ക് കേരളത്തിലെ മറ്റൊരു കേരളീയ കലാകാരനും ചെയ്തു തീര്‍ക്കാനാവാത്ത കാര്യങ്ങളാണ് ഞെരളത്ത് ഹരിഗോവിന്ദന് ചെയ്തു തീര്‍ത്തത്.
സ്വന്തം വരുമാനം പൂര്‍ണമായും മാറ്റിവെച്ചും വീടിന്റെ ആധാരം ഇപ്പോഴും പണയത്തിലാക്കിയും ഹരി ചെയ്ത സാംസ്കാരിക വിപ്ലവം പിതാവിന്റെയും കേരളത്തിന്റെയും മഹത്വത്തെ നിലനിര്‍ത്തുന്നതാണ്.കലാലയങ്ങളിലുടെ കേരളീയ സംഗീതത്തിനും വാദ്യസംഗീതത്തിനും ഏറെ പ്രചാരം നല്കുന്ന ഹരി യുവകലാപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരിയ്ക്കുന്ന മദ്യപാനംപോലുള്ള യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത കലാകാരനാണ് എന്നത് എടുത്തു പറയേണ്ടത് കാലഘട്ടത്തിനു മാതൃകയാണ്.
കേരളത്തിന്റെ യുവതലമുറയില്‍ അഭിമാനബോധവും തൊഴില്‍ സാധ്യതകളും ഉണ്ടാക്കുകയും ചെയ്തു എന്നത് വലിയ കാര്യമായി കാണാതെ തന്റെ ധര്‍മം നിര്‍വഹിച്ചു എന്നു വിനയാന്വിതനാവുകയും സര്‍വോപരി കലയുടെ മഹത്വത്തെ മനുഷ്യത്വ പ്രചാരണത്തിനും പ്രകൃതിരക്ഷയ്ക്കും ഉപയോഗിയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ ഏക കലാകാരനാണ് ഞെരളത്ത് ഹരിഗോവിന്ദന്. ‘പാട്ടു പാടുന്നവന്’ എന്ന അര്‍ത്ഥത്തില്‍ ‘പാണന്’ എന്നറിയപ്പെടാനാണ് തനിയ്ക്കഭിമാനം എന്ന് സുധീരം പറഞ്ഞ ഹരിഗോവിന്ദന് സാമൂഹ്യമായ വലിയ പ്രതിബദ്ധതയും രാഷ്ട്രീയ ബോധവല്‍ക്കരണവുമാണ് പാട്ടും എഴുത്തും പ്രസംഗവും മാധ്യമമാക്കി ഒരു ഗാനശാഖയിലൂടെ നിറവേറ്റിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: